തൃക്കാക്കര : ചക്കരപ്പറമ്പ് തേക്കേപ്പാടത്ത് പുല്ലുവീട്ടിൽ ജിബിൻ വർഗീസിന്റെ (32) കൊലപാതകത്തിൽ മൂന്ന് പ്രതികളെ കൂടി അന്വേഷണ സംഘം ഇന്നലെ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം കീഴടങ്ങിയ ജിബിന്റെ കാമുകിയുടെ പിതാവ് പടന്നക്കാട് വീട്ടിൽ ഹനീസ് (47), ഭർത്താവ് ശ്രീമൂലനഗരം സ്വദേശി മണപ്പാടത്ത് വീട്ടിൽ അനീസ് (34), വാഴക്കാല സ്വദേശി കുണ്ടുവേലിയിൽ അസൈനാർ (37) എന്നിവരുടെ അറസ്റ്റും ഇന്നലെ രേഖപ്പെടുത്തി.
ശിഹാബ് (33), കുണ്ടുവേലിയിൽ സലാം (42), ചിറ്റേത്തുകര കണ്ണങ്കേരിയിൽ നിസാർ (30) എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. ഇവരെ അന്വേഷണ സംഘം ഇന്ന് കോടതിയിൽ ഹാജരാക്കും.
കേസിൽ ആകെ 14 പ്രതികളുണ്ട്. 13 പേർ അറസ്റ്റിലായി. ഒരാൾ ഒളിവിലാണ്.
ജിബിൻ വർഗീസിനെ കൊല്ലാൻ ഉപയോഗിച്ച ചുറ്റിക അടക്കമുള്ള ആയുധങ്ങൾ ഓലിക്കുഴിയിൽ നിന്നും കണ്ടെത്തി. രക്തം തുടക്കാൻ ഉപയോഗിച്ച മുണ്ട്, ഇരയെ കെട്ടിയിടാൻ ഉപയോഗിച്ച കയർ എന്നിവയും ലഭിച്ചിട്ടുണ്ട്. സംഭവത്തിന് ശേഷം പ്രതികളിൽ ചിലർ കയറിപ്പോയ മാരുത ഈകോയും കസ്റ്റഡിയിലെടുത്തു. റിമാൻഡിലുള്ള മറ്റുള്ളവരെ കസ്റ്റഡിയിൽ വാങ്ങാൻ ഇന്ന് പൊലീസ് അപേക്ഷ നൽകും.
പഠനകാലം മുതലുള്ള യുവതിയുമായുള്ള പ്രണയമാണ് ജിബിന്റെ വധത്തിലേക്ക് നയിച്ചത്. കഴിഞ്ഞ ശനിയാഴ്ച അർദ്ധരാത്രി ജിബിനെ യുവതിയുടെ ഫോണിൽ നിന്ന് മെസേജ് അയച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് കുടുക്കിയത്. മതിൽചാടി പിൻവാതിലിലൂടെ അകത്ത് കടന്ന ജിബിനെ സംഘം സ്റ്റെയർകേസിൽ കെട്ടിയിട്ട് മൂന്ന് മണിക്കൂറോളം ക്രൂരമായി മർദ്ദിച്ച് കൊല്ലുകയായിരുന്നു. അമ്പതോളം പരിക്കുകയാണ് ജിബിന്റെ ശരീരത്തിലുള്ളത്. ചവിട്ടേറ്റ് വാരിയെല്ലുകൾ ഒടിഞ്ഞ് ഉണ്ടായ രക്തസ്രാവം മരണകാരണമായി. ജഡം ഓട്ടോറിക്ഷയിൽ കയറ്റി റോഡിൽ തള്ളുകയായിരുന്നു. ജിബിൻ വന്ന സ്കൂട്ടർ സമീപത്ത് മറിച്ചിടുകയും ചെയ്തു.
കാക്കനാട് പാലച്ചുവട്ടിലെ കടകളിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് പ്രതികൾ ഓട്ടോയും കാറും ഉപയോഗിച്ചത് കണ്ടെത്തിയത്.