2019-election

കൊച്ചി: തിരഞ്ഞെടുപ്പു ചൂടിലേക്ക് ആദ്യമെത്തുന്നത് സംസ്ഥാനത്തെ പ്രിന്റിംഗ് പ്രസ്സുകളാണ്. ഒറ്റ രാത്രികൊണ്ട് ഒരു ലക്ഷം പോസ്റ്റർ വരെ അച്ചടിച്ചു നൽകാൻ മോഡേൺ പ്രസുകൾ റെഡി! ശിവകാശി നിരക്കിനോട് മത്സരിച്ചു തന്നെയാണ് കേരളത്തിലെ പ്രസുകൾ അച്ചടി ഓർഡറുകൾ പിടിക്കുന്നത്.

വലിയ കൊയ്‌ത്തിനു സാദ്ധ്യതയില്ലെങ്കിലും തിരഞ്ഞെടുപ്പുകാലം മുതലെടുക്കാൻ പ്രസുകൾ ഒരുങ്ങിക്കഴിഞ്ഞതായി കേരള മാസ്റ്റർ പ്രിന്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ആർ. ഗോപകുമാർ പറഞ്ഞു. പോസ്റ്ററുകളുടെ അച്ചടി നടക്കുകയാണ്. സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയാകുന്നതോടെ രാപ്പകലില്ലാത്ത തിരക്കിലേക്ക് അച്ചടിശാലകൾ നീങ്ങും.

ഡിസൈൻ ലഭിച്ചാൽ മിനിറ്റുകൾക്കകം അച്ചടി ആരംഭിക്കാൻ കഴിയുന്ന ഇരുനൂറോളം അത്യാധുനിക പ്രസുകൾ സംസ്ഥാനത്തുണ്ട്. പേപ്പർ ക്ഷാമത്തിനുള്ള സാദ്ധ്യത മുൻകൂട്ടിക്കണ്ട് ആവശ്യത്തിന് പേപ്പറുകൾ എല്ലാവരും ശേഖരിച്ചിട്ടുണ്ട്. ആവശ്യാനുസരണം പേപ്പർ ലഭ്യമാക്കാൻ വിതരണക്കാരുമായി കരാറും ഒപ്പിട്ടിട്ടുണ്ട്.

ശിവകാശി ഭീഷണി തുടരുന്നു

തിരഞ്ഞെടുപ്പ് അച്ചടിയിൽ മുപ്പതു ശതമാനം വരെ ഇപ്പോഴും തമിഴ്നാട്ടിലെ പ്രസുകൾ കൊണ്ടുപോകും. ഏജന്റുമാർ വഴിയാണ് കാൻവാസിംഗ്. നേതാക്കളുമായുളള ബന്ധമാണ് ഇവരുടെ ഇടപാടിന് അടിസ്ഥാനം. കമ്മിഷൻ കൈപ്പറ്റുന്ന നേതാക്കളുമുണ്ടെന്ന് പ്രമുഖ പ്രസുടമ പറഞ്ഞു. ശിവകാശിയിലെ അതേ നിരക്കിൽ ഇവിടെ അച്ചടിച്ചു നൽകാമെന്ന് പറഞ്ഞാലും ഇക്കൂട്ടർ വഴങ്ങില്ല.

ഫ്ളക്സ് നിരോധനം ഗുണം ചെയ്യും

ഇക്കുറി ഫ്ളക്സുകൾ നിരോധിച്ചത് പോസ്റ്റർ അച്ചടി വർദ്ധിപ്പിക്കുമെന്ന് പ്രസുടമയായ രാജു എൻ. കുട്ടി പറഞ്ഞു. ഫ്ളക്സുകൾക്ക് പകരം വലിയ പോസ്റ്ററുകൾക്ക് സാദ്ധ്യതയുണ്ട്. 28 X 40 ഇഞ്ച് വലിപ്പത്തിൽ പോസ്റ്റർ അച്ചടിക്കാൻ കഴിയുന്ന പ്രസുകളുണ്ട്. മുമ്പ് നാലും ആറും ഭാഗങ്ങളായി അച്ചടിച്ച് ചേർത്തൊട്ടിച്ചിരുന്നതിന് പകരം ഒറ്റപ്പേപ്പറിൽ അച്ചടിക്കാൻ കഴിയും.

നേട്ടമല്ലെങ്കിലും ആശ്വാസം

തിരഞ്ഞെടുപ്പ് കാലത്തെ അച്ചടി ഇക്കുറി വലിയ നേട്ടമല്ലെങ്കിലും ആശ്വാസം നൽകുന്നതാണെന്ന് പ്രസുടമകൾ പറയുന്നു. മാർച്ച് മുതൽ മേയ് വരെ പ്രസുകളിൽ പൊതുവെ അച്ചടിജോലികൾ കുറവാണ്. വലിയ നേട്ടമല്ലെങ്കിലും ബോണസാണ് തിരഞ്ഞെടുപ്പ് അച്ചടി. ഒരു തിരഞ്ഞെടുപ്പു കാലത്ത് എത്രരൂപയുടെ അച്ചടി ലഭിക്കുമെന്ന ചോദ്യത്തിനു മാത്രം ഇവർ മറുപടി പറയില്ല: അത് ട്രേഡ് സീക്രട്ട്! എന്നായിരുന്നു മറുപടി.