k-surendran

കൊച്ചി: യുവതികളുടെ ശബരിമല ദർശനവുമായി ബന്ധപ്പെട്ടു നടത്തിയ ഹർത്താലിലെ അക്രമങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്ത 1097 കേസുകളിലും നേതാക്കളെയെല്ലാം പ്രതികളാക്കുമെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു.

ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ കെ.പി. ശശികല, ശബരിമല കർമ്മസമിതി ദേശീയ ജനറൽ സെക്രട്ടറി എസ്.ജെ.ആർ. കുമാർ, വൈസ് പ്രസിഡന്റുമാരായ ഡോ. കെ.എസ്. രാധാകൃഷ്ണൻ, ഡോ.ടി.പി. സെൻകുമാർ, പ്രസിഡന്റ് ഗോവിന്ദ് ഭരതൻ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ. സുരേന്ദ്രൻ, എം.ടി. രമേശ്, എ.എൻ. രാധാകൃഷ്ണൻ, പി.കെ. കൃഷ്ണദാസ്, ഒ. രാജഗോപാൽ എം.എൽ.എ, വി. മുരളീധരൻ എം.പി, ആർ.എസ്.എസ് പ്രാന്ത് സംഘചാലക് പി.ഇ.ബി. മേനോൻ എന്നിവരെ എല്ലാ കേസുകളിലും പ്രതിയാക്കുമെന്ന് പൊലീസ് ആസ്ഥാനത്തെ എ.ഐ.ജി പി.പി. അശോക് കുമാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.

ചില കേസുകളിൽ ഇവരെ പ്രതിയാക്കി കോടതിയിൽ റിപ്പോർട്ട് നൽകി. മറ്റു കേസുകളിൽ നടപടികൾ തുടരുകയാണ്. ഹർത്താലിൽ അക്രമമുണ്ടായാൽ ഉത്തരവാദികളായ നേതാക്കൾ 24 മണിക്കൂറിനകം പൊലീസ് സ്റ്റേഷനുകളിൽ ഹാജരായി ചോദ്യം ചെയ്യലിന് വിധേയരാവണമെന്ന് സുപ്രീംകോടതി ഉത്തരവ് നിലവിലുണ്ട്. ഹാജരായില്ലെങ്കിൽ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കണം. നഷ്ടം ഇവരിൽ നിന്ന് ഈടാക്കി ഇരകൾക്ക് നൽകണം. ഹർത്താലിൽ നഷ്ടമുണ്ടായിട്ടും നേതാക്കൾ സ്റ്റേഷനിൽ ഹാജരായില്ല. അന്വേഷണത്തിൽ അക്രമസംഭവങ്ങളിൽ ഇവർക്കുള്ള പങ്കു വെളിപ്പെട്ടു. കടകൾ അടപ്പിക്കൽ, ഗതാഗതം താറുമാറാക്കൽ, എതിർ പാർട്ടിക്കാരുടെ ഓഫീസ് തകർക്കൽ, പൊലീസിനെ ആക്രമിക്കൽ, കൃത്യനിർവഹണത്തിൽ പൊലീസിനെ തടയൽ തുടങ്ങിയവയുടെ പേരിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.


ജനുവരി രണ്ടിന് നടന്ന അക്രമങ്ങളിൽ 38.52 ലക്ഷം രൂപയുടെ പൊതുമുതലും 1.06 കോടി രൂപയുടെ സ്വകാര്യമുതലും നശിപ്പിക്കപ്പെട്ടെന്ന് നേരത്തേ കോടതിയെ അറിയിച്ചിരുന്നു. ജനുവരി രണ്ട്, മൂന്നു തീയതികളിൽ നടന്ന അക്രമങ്ങളിൽ 150 പൊലീസുകാർക്കും 141 സാധാരണക്കാർക്കും 11 സർക്കാർ ജീവനക്കാർക്കും പരിക്കേറ്റെന്നും വ്യക്തമാക്കിയിട്ടുണ്ട്.