കൊച്ചി: കേരള ബാങ്ക് രൂപീകരണം അംഗീകരിച്ച് പ്രമേയം പാസാക്കിയ 13 ജില്ലാ സഹകരണ ബാങ്കുകളുടെ ലയനമുൾപ്പെടെ നടപടികൾ തുടരാൻ ഹൈക്കോടതി അനുമതി നൽകി. റിസർവ് ബാങ്കും നബാർഡുമായി സർക്കാരിനും സഹകരണ അധികൃതർക്കും ചർച്ച നടത്താനും അനുമതി നൽകി.
അന്തിമ നടപടിക്കു മുമ്പ് റിസർവ് ബാങ്കിന്റെയും നബാർഡിന്റെയും നിർദേശത്തിനും അനുമതിക്കും കാത്തിരിക്കണം. സഹകരണ സംഘം റജിസ്ട്രാർ കോടതിയുടെ തുടർ ഉത്തരവ് ലഭിക്കാതെ അന്തിമ ലയന ഉത്തരവ് പുറപ്പെടുവിക്കരുത്. ജില്ലാ ബാങ്കുകളുടെ പൊതുയോഗങ്ങൾ സംബന്ധിച്ച ഹർജികളിലാണ് ഇടക്കാല ഉത്തരവ്.
സംസ്ഥാനത്തെ 13 ജില്ലാ സഹകരണ ബാങ്കുകൾ ലയന നിർദ്ദേശം അംഗീകരിച്ചു പ്രമേയം പാസാക്കിയതായി അഡീഷനൽ അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചു. മൂന്നു ബാങ്കുകളിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷമുണ്ട്. ബാക്കി കേവല ഭൂരിപക്ഷത്തോടെ പാസാക്കി. റിസർവ് ബാങ്കും നബാർഡും അനുവദിച്ചില്ലെങ്കിലും ബാങ്ക് ലയനവുമായി മുന്നോട്ടു പോകാൻ തടസമില്ലെന്നും സർക്കാർ വ്യക്തമാക്കി. ആർ.ബി.ഐയെയും നബാർഡിനെയും സർക്കാർ സമീപിച്ച സാഹചര്യത്തിൽ ചർച്ച നടത്താൻ കോടതി അനുവദിച്ചു. ബാങ്ക് ലയനം സംബന്ധിച്ച സർക്കാരിന്റെ അഭ്യർത്ഥന പരിഗണിക്കാൻ റിസർവ് ബാങ്കിനും നബാർഡിനും ഉത്തരവ് തടസമല്ല. ചട്ടപ്രകാരം ഉചിതമായ തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി.