ragul

കൊച്ചി: തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുട‌െ ഭാഗമായി സംസ്ഥാനത്തെത്തിയ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയ്ക്ക് ഉഷ്മള സ്വീകരണം. ഇന്നലെ രാത്രി പ്രത്യേക വിമാനത്തിൽ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ രാഹുലിനെ കോൺഗ്രസ് നേതാക്കൾ ചേർന്ന് സ്വീകരിച്ചു.
കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ മുകുൾ വാസ്‌നിക്, ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ ചെന്നൈയിൽ നിന്നെത്തിയ രാഹുൽ ഗാന്ധിയ്‌ക്കൊപ്പമുണ്ടായിരുന്നു. വിമാനത്താവളത്തിൽ നിന്ന് കാർ മാർഗം തൃശൂരിലേക്ക് പുറപ്പെട്ടു.
ഇന്ന് രാവിലെ ഒമ്പതിന് തൃപ്രയാറിൽ നടക്കുന്ന ഫിഷർമെൻ പാർലമെന്റിൽ പങ്കെടുത്തശേഷം രാഹുൽ കണ്ണൂർ വിമാനത്താവളത്തിലെത്തി കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിന്റെ കുടുംബാംഗങ്ങളെ കാണും. ഉച്ചകഴിഞ്ഞ് രണ്ടിന് കാസർഗോഡ് പെരിയയിലെത്തി കഴിഞ്ഞ മാസം കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത്‌ലാൽ എന്നിവരുടെ വീടുകൾ സന്ദർശിക്കും. വൈകിട്ട് അഞ്ചിന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന ജനമഹാ സംഗമത്തിൽ പങ്കെടുത്തശേഷം ഡൽഹിക്ക് മടങ്ങും.
മുതിർന്ന കോൺഗ്രസ് നേതാവ് വയലാർ രവി, കെ.സി വേണുഗോപാൽ, കെ.മുരളീധരൻ, പ്രൊഫ.കെ.വി.തോമസ്, കെ.ബാബു, വി.ഡി.സതീശൻ, പി.ടി.തോമസ്, കെ.പി. ധനപാലൻ, ജോസഫ് വാഴയ്ക്കൻ, ലതിക സുഭാഷ്, ടി.ജെ. വിനോദ്, ഹൈബി ഈഡൻ, അൻവർ സാദത്ത്, റോജി എം.ജോൺ, എൽദോസ് കുന്നപ്പള്ളി, ഡീൻ കുര്യാക്കോസ്, അബ്ദുൾ മുത്തലിബ്, സക്കീർ ഹുസൈൻ തുടങ്ങിയ നേതാക്കൾ വിമാനത്താവളത്തിലെത്തിയിരുന്നു.