കൊച്ചി: ക്രമക്കേടുകളുടെ പേരിൽ അടച്ചുപൂട്ടിയ തിരുവനന്തപുരം വിമാനത്താവളത്തിലെ പ്ലസ് മാക്‌സ് ഡ്യൂട്ടി ഫ്രീ ഷോപ്പ് തിങ്കളാഴ്ചയ്ക്കകം തുറന്നുകൊടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. തുറന്നില്ലെങ്കിൽ ചീഫ് കസ്റ്റംസ് കമ്മിഷണറും കമ്മിഷണറും ഈമാസം 21ന് കോടതിയിൽ നേരിട്ട് ഹാജരാകാനും സിംഗിൾ ബെഞ്ച് നിർദ്ദേശിച്ചിട്ടുണ്ട്.
ആഭ്യന്തര സഞ്ചാരികളുടെ പേരിൽ അനധികൃത മദ്യ വില്പന നടത്തിയെന്ന കേസിലാണ് ഷോപ്പ് അടപ്പിച്ചത്. ഷോപ്പ് തുറക്കാനും ഇടപാടുകൾ തുടരാനും അനുവദിക്കണമെന്ന ഉത്തരവ് നടപ്പാക്കിയില്ലെന്നാരോപിച്ച് പ്ലസ് മാക്‌സ് സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയാണ് പരിഗണനയിൽ. ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയതിനാലാണ് വിധി നടപ്പാക്കാത്തതെന്ന് ഇന്നലെ കസ്റ്റംസ് അറിയിച്ചു. സ്‌റ്റേ അനുവദിക്കാത്തതിനാൽ വാദത്തിൽ കഴമ്പില്ലെന്ന് കോടതി പറഞ്ഞു. കോടതിയലക്ഷ്യ ഹർജിയിൽ നോട്ടീസ് ലഭിച്ചിട്ടും ഉദ്യോഗസ്ഥർ ഹാജരാകാത്തതെന്താണെന്നും ചോദിച്ചു. ഹാജരാവുന്നതിൽ നിന്ന് ഒഴിവാക്കാത്ത സാഹചര്യത്തിൽ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കേണ്ടിവരും. അതിന് ഇപ്പോൾ മുതിരുന്നില്ലെന്നും കോടതി വ്യക്തമാക്കി.