periyar
തോട്ടുമുഖം പരുന്തുറാഞ്ചി മണപ്പുറത്തെ പോത്തിൻ കൂട്ടങ്ങൾ പുഴ നീന്തി കടന്ന് തുരുത്തിലെ കൃഷിയിടങ്ങളിലേക്ക് കയറുന്നു

ആലുവ: തോട്ടുമുഖം പരുന്തുറാഞ്ചി മണപ്പുറത്ത് മേയാൻ വിട്ടിരിക്കുന്ന നാൽക്കാലികൾ വെയിൽ കനത്തതോടെ തുരുത്തിലെ കൃഷിയിടങ്ങൾ നശിപ്പിക്കുന്നു. പരുന്തുറാഞ്ചിയിൽ മേയാൻ വിട്ടിരുന്ന നൂറോളം പോത്തുകളാണ് തീറ്റ ലഭിക്കാതെയും കടുത്ത ചൂട സഹിക്കാനാകാതെയും തീരങ്ങളിലേക്ക് കയറുന്നത്. പ്രളയശേഷം നശിച്ച കൃഷിയിടങ്ങൾ വീണ്ടും വിളവെടുപ്പിന് അടുക്കുമ്പോഴാണ് നാൽക്കാലികളുടെ വിളയാട്ടം. ഇതിൽ നിന്ന് രക്ഷനേടാൻ കർഷകർ പെടാപ്പാടിലാണ്.

കഴിഞ്ഞദിവസം തുരുത്തിലേക്ക് കയറിയ പോത്തുകളിൽ നിന്ന് തങ്ങളുടെ തോട്ടങ്ങൾ സംരക്ഷിക്കാൻ കാവലിരിക്കുകയാണ് കൃഷിക്കാർ. പൊലീസിലും, പഞ്ചായത്തിലും അറിയിച്ചിട്ട് ഫലമുണ്ടായില്ലെന്ന് കർഷകർ പറയുന്നു. പോത്തുകളെ വളർത്തുന്നവർ ചെറിയ കിടാവുകളായിരിക്കുമ്പോൾ തന്നെ പരുന്തുറാഞ്ചി മണപ്പുറത്ത് കൊണ്ടുചെന്നാക്കും. അറവുശാലകളിലേക്ക് നാൽകാലികളെ വിൽക്കുന്നവരാണ് പ്രധാനമായും പരുന്തുറാഞ്ചിയിൽ മേയാൻ വിടുന്നത്. പിന്നീട് മാസങൾക്കു ശേഷം വലിയ പോത്തുകളായി മാറുമ്പോൾ വിൽക്കാനായി തിരികെ കൊണ്ടുവരും. കാര്യമായ മുതൽ മുടക്കില്ലാതെ ചെയ്യാവുന്ന ഏറെ ലാഭകരമായ കച്ചവടമായതിനാൽ നിരവധിയാളുകൾ രംഗത്തുണ്ട്. ആരുടെയൊക്കെയണിവയെന്ന് അവരവർക്ക് മാത്രമേ അറിയൂ.

എന്തെങ്കിലും പ്രശ്‌നങ്ങൾ വരുമ്പോൾ ഏറ്റെടുക്കാൻ ഉടമസ്ഥർ ഉണ്ടാകാറില്ലെന്നതാണ് അവസ്ഥ. കൃഷി സംരക്ഷിക്കുന്നതിന് അധികൃതർ നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.