കിഴക്കമ്പലം: നെൽച്ചെടികൾക്ക് ഭീഷണിയായി വിവിധയിനം കളച്ചെടികൾ വളരുന്നു. വലിയ പുല്ല്, കുളവാഴ, വര നെല്ല് എന്നിവയാണ് നെൽ ചെടികൾക്ക് ഭീഷണിയായി വളരുന്നത് .കിഴക്കമ്പലം പഞ്ചായത്തിലെ പാടശേഖരങ്ങളിലാണ് നെൽച്ചെടികളെ നശിപ്പിക്കുന്ന തരത്തിൽ ഇവ വളർന്നു നിൽക്കുന്നത്. ഇവയെല്ലാം കൊയ്‌തെടുത്തു നശിപ്പിക്കേണ്ട സ്ഥിതിയിലാണെന്ന് കർഷകർ പറയുന്നു.പാടത്ത് നെല്ല് വിതയ്ക്കുന്നതോടൊപ്പം തന്നെ വരനെല്ലിന്റെ വിത്തും പാടത്ത് വളർന്ന് തുടങ്ങും. വിതച്ച വിത്ത് വളർന്ന് കൊയ്യാറാകുന്നതിനു മുമ്പേ വരയും, വലിയ പുല്ലും വിളഞ്ഞിട്ടുണ്ടാകും. പിന്നീട് ഇവ നെൽകൃഷിയെ നശിപ്പിക്കുന്ന തരത്തിൽ വളരും.കഴിഞ്ഞ വർഷം കർഷകർക്ക് കിഴക്കമ്പലം കൃഷിഭവനിൽ നിന്നും നൽകിയ ആതിരിയനത്തിൽ പെട്ട വിത്ത് കൃഷി ചെയ്തപ്പോൾ മുതലാണ് വരനെല്ലും, വലിയ പുല്ലും ഇടതിങ്ങി വളർന്നതെന്ന് കർഷകർ പറഞ്ഞു. ഇവക്കെതിരെ പലയിടത്തും കളനാശിനി പ്രയോഗിച്ചെങ്കിലും ഫലമുണ്ടായില്ല. ഇക്കാര്യം പല തവണ കൃഷിഭവനിൽ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് കർഷകർ പറഞ്ഞു.