solar-case


കൊച്ചി: സോളാർ വ്യവസായം തുടങ്ങാൻ സഹായം വാഗ്ദാനം ചെയ്‌ത് ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ കോൺഗ്രസ് എം.എൽ.എ.മാരായ ഹൈബി ഈഡൻ, അടൂർ പ്രകാശ്, എ.പി. അനിൽ കുമാർ എന്നിവർക്കെതിരെ പ്രത്യേക ക്രൈംബ്രാഞ്ച് അന്വേഷണസംഘം കേസെടുത്തു. ജനപ്രതിനിധികൾക്കെതിരായ കേസുകൾ പരിഗണിക്കുന്ന എറണാകുളത്തെ പ്രത്യേക കോടതിയിൽ ഇന്നലെ എഫ്.ഐ.ആറും സമർപ്പിച്ചു.ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന പശ്ചാത്തലത്തിലെ നടപടി ശ്രദ്ധേയമാണ്.

എം.എൽ.എമാർക്കെതിരെ കേസെടുക്കാമെന്ന് സോളാർ അന്വേഷണ കമ്മിഷൻ നേരത്തേ ശുപാർശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ നിയമോപദേശം തേടിയിരുന്നു. മാനഭംഗം, സ്‌ത്രീകളോട് അപമര്യാദയായി പെരുമാറൽ എന്നീ കുറ്റങ്ങളാണ് മൂവർക്കുമെതിരെയുള്ളത്.

സോളാർ തട്ടിപ്പിനെത്തുടർന്ന് യുവതിയെ 2013ൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് സോളാർ അഴിമതിയുമായി ബന്ധപ്പെട്ട വിവാദം ഉയർന്നത്. പീഡനത്തിന് ഉമ്മൻചാണ്ടി, കെ.സി.വേണുഗോപാൽ എന്നിവർക്കെതിരെ കേസെടുത്തിരുന്നെങ്കിലും കാര്യമായ തെളിവുകൾ ലഭിക്കാത്തതിനാൽ അന്വേഷണ സംഘത്തിന് മുന്നോട്ടുപോകാൻ കഴിഞ്ഞിട്ടില്ല.