കൊച്ചി : പനമ്പിള്ളി നഗറിൽ നടുറോഡിൽ പെൺകുട്ടിയെ പെട്രോളൊഴിച്ച് തീകൊളുത്താൻ ശ്രമം. ബൈക്കിലെത്തിയ രണ്ടംഗ മുഖംമൂടി സംഘമാണ് അക്രമം നടത്തിയത്. വ്യാഴാഴ്‌ച രാത്രി 7.15ഓടെ പനമ്പിള്ളി നഗർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിന് സമീപമാണ് സംഭവം. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിൽ ഏവിയേഷൻ കോഴ്‌സ് പഠിക്കുന്ന പെൺകുട്ടി ക്ലാസ് കഴിഞ്ഞ ശേഷം സുഹൃത്തിനോടൊപ്പം നടന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഈ സമയമാണ് ബൈക്കിലെത്തിയ സംഘം പ്ലാസ്റ്റിക് കുപ്പിയിൽ കരുതിയ പെട്രോൾ പെൺകുട്ടിയുടെ ദേഹത്ത് ഒഴിച്ചത്. ഓടി രക്ഷപ്പെട്ട പെൺകുട്ടി റോഡ് മുറിച്ച് കടന്ന് സമീപത്തെ കടയിൽ രക്ഷതേടി. നാട്ടുകാർ ഓടിക്കൂടിയതോടെ അക്രമികൾ രക്ഷപ്പെട്ടു. ശാരീരിക അസ്വസ്ഥതയെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളം സൗത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.