abdul
അബ്ദുൾ ഖാദർ (വലത്ത്) സുഹൃത്തിന് പാട്ട് പാടി കേൾപ്പിക്കുന്നു.

കൊച്ചി: സ്ഥാനാർത്ഥിയെ പരിചയപ്പെടുത്തുന്ന സൂപ്പർ പാട്ട്, പിന്നെ വോട്ടഭ്യർത്ഥന, രാഷ്ട്രീയ സാഹചര്യം അനുസരിച്ച് ഒന്ന് രണ്ട് തട്ടുപൊളിപ്പൻ പാട്ടുകൾ വേറെ.. തിരഞ്ഞെടുപ്പ് കാഹളം ഉയരുമ്പോഴേക്കും പാരഡി ഗാനരചയിതാവ് അബ്ദുൾ ഖാദർ കാക്കനാടിന് മുന്നിലേക്ക് രാഷ്ട്രീയ പാർട്ടികൾ വച്ച നിർദ്ദേശം ഇങ്ങനെയായിരുന്നു. പാർട്ടികൾ ഏതായാലും അബ്ദുൾ ഖാദറിന് പ്രശ്നമില്ല. നിലവിലെ രാഷ്ട്രീയ സാഹചര്യവും പ്രചാരണ വിഷയങ്ങളും സ്ഥാനാർത്ഥി വർണനയുമൊക്കെയായി പാട്ട് റെഡി. ഈണമിട്ട് റെക്കാഡ് ചെയ്ത് കഴിയുമ്പോൾ ആരുമൊന്ന് കാതോർക്കും. തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് അത് ഹിറ്റായി ഓടും. തിരഞ്ഞെടുപ്പ് അടുക്കുന്തോറും അബ്ദുൾ ഖാദറിന് തിരക്ക് കൂടി വരികയാണ്.


'മലപ്പുറം ഉപതിരഞ്ഞെടുപ്പിൽ ജിമിക്കി കമ്മലായിരുന്നു ട്രെൻഡ്. ലോക്‌സഭ തിരഞ്ഞെടുപ്പിലേക്ക് വരുമ്പോൾ പഴയ പാട്ടുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. ഹിറ്റ് പാട്ടുകളില്ല. നാട്ടൻ പാട്ടുകൾക്കൊപ്പം കലാഭവൻ മണിയുടെ പാട്ടുകൾക്കും വലിയ സ്വീകാര്യതയാണ് പാരഡി പാട്ടിലൂടെ ലഭിക്കുന്നത്. രാഷ്ട്രീയ സാഹചര്യവും താള ബോധവുമാണ് പാരഡി പാട്ടൊരുക്കുമ്പോൾ പ്രധാനമായും ശ്രദ്ധിക്കുന്നത്. സോഷ്യൽ മീഡിയയുടെ കാലത്തും തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് പാരഡി പാട്ടുകളുടെ പ്രാധാന്യം കുറഞ്ഞിട്ടില്ല'- അബ്ദുൽ ഖാദർ കാക്കനാട് പറയുന്നു.

പാരഡി കടൽ കടക്കും
എറണാകുളം, ചാലക്കുടി, കോട്ടയം മണ്ഡലങ്ങൾക്ക് പുറമേ മലബാർ ഭാഗത്ത് നിന്നും ലക്ഷദ്വീപിൽ നിന്നും ഇക്കുറി അബ്ദുൽ ഖാദറിന് പാരഡി പാട്ടൊരുക്കാനുള്ള ബുക്കിംഗുണ്ട്. ലക്ഷദ്വീപിലെ സ്ഥാനാർത്ഥികൾക്കും മലയാളത്തിലാണ് പാട്ടൊരുങ്ങുന്നത്. മാപ്പിളപ്പാട്ട് ശൈലിയിലാണ് അധികവും. നോട്ടു നിരോധനം, റാഫേൽ അഴിമതി ആരോപണം ഉൾപ്പെടെയുള്ള വിഷയങ്ങളാണ് യു.ഡി.എഫ്, എൽ.ഡി.എഫ് സ്ഥാനാർത്ഥികളുടെ പാട്ടുകളിലെ പ്രധാന വിഷയം. സംസ്ഥാനത്തെ വിലക്കയറ്റം, കൊലപാതക രാഷ്ട്രീയം എന്നിവ യു.ഡി.എഫും ബി.ജെ.പിയും പാരഡികൾക്ക് വിഷയമാക്കിയിട്ടുണ്ട്.

കെ.കരുണാകരൻ, എ.കെ ആന്റണി, ഇ.കെ നായനാർ, പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങി നിരവധി പ്രമുഖർക്ക് വേണ്ടി അബ്ദുൽ ഖാദർ പാരഡി ഗാനങ്ങൾ രചിച്ചിട്ടുണ്ട്. എന്നാൽ വട്ടംചുറ്റിയത് ക്രിസ്റ്റി ഫെർണാണ്ടസിനുവേണ്ടി പാട്ട് എഴുതാൻ ഇരുന്നപ്പോഴാണ്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിലെ ഇടത് സ്ഥാനാർത്ഥിയായിരുന്നു ക്രിസ്റ്റി ഫെർണാണ്ടസ്. ക്രിസ്റ്റിക്കായി പാട്ടെഴുതാൻ ജില്ലാ കമ്മിറ്റി അബ്ദുൾ ഖാദറിനെയാണ് സമീപിച്ചത്. എഴുതാമെന്ന് വാക്കും കൊടുത്തു. എന്നാൽ, പാരഡി എഴുതാനിരുന്നപ്പോഴാണ് പേര് വില്ലനായെത്തിയത്. ഏറെ പണിപ്പെട്ടാണ് ക്രിസ്റ്റി ഫെർണാണ്ടസിനായുള്ള പാരഡി ഗാനം തയാറാക്കിയതെന്ന് അബ്ദുൽ ഖാദർ പറയുന്നു.

ഒപ്പമുണ്ട് ഭാര്യ
അബ്ദുൾ ഖാദർ കുത്തിക്കുറിക്കുന്ന വരികൾ ഭാര്യ ഷംനയാണ് ഭംഗിയായി പകർത്തി എഴുതുന്നത്. ഇങ്ങനെ എഴുതുന്നതിനിടെ ഭാര്യയും ചില തിരുത്തലുകൾ വരുത്താറുണ്ട്. കുടുംബത്തിന്റെ പിന്തുണയുള്ളതുകൊണ്ട് മാത്രമാണ് ഈ രംഗത്ത് നിലനിൽക്കാൻ സാധിക്കുന്നതെന്ന് അബ്ദുൾ ഖാദർ വ്യക്തമാക്കുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞാലും പാരഡി പാട്ട് ആവശ്യക്കാരുടെ തിരക്കൊഴിയില്ല. വിജയാഹ്ലാദ ഗാനങ്ങൾക്കായുള്ള ഒരുക്കങ്ങളാണ് പിന്നെ.