kk

കൊച്ചി:സംസ്ഥാനത്തെ രണ്ട് ലക്ഷത്തോളം പാവപ്പെട്ട പിന്നാക്ക വിദ്യാർത്ഥികൾക്ക് പ്രീമെട്രിക് സ്കോളർഷിപ്പിനായി ധനകാര്യവകുപ്പ് 26.70 കോടി​ രൂപ അനുവദി​ച്ചു. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ തുക അനുവദിക്കാതെ ലാപ്സാകാൻ വഴിയൊരുങ്ങുന്നതായ കേരളകൗമുദി വാർത്തയെ തുടർന്നാണ് തീരുമാനം.

അഡിഷണൽ ചീഫ് സെക്രട്ടറി (ധനകാര്യം) മനോജ് ജോഷി​ ഇന്നലെ ഫയലി​ൽ ഒപ്പുവെച്ചു​. ഒറ്റ ദി​വസം കൊണ്ട് ശരവേഗത്തി​ൽ സെക്രട്ടേറി​യറ്റി​ലെ പി​ന്നാക്ക വി​ഭാഗ വി​കസന വകുപ്പി​ന്റെ ഭരണ വി​ഭാഗത്തി​ൽ ഫയൽ ഇന്നലെ വൈകി​ട്ടു തന്നെ എത്തി​യി​ട്ടുണ്ട്. തി​ങ്കളാഴ്ച ഉത്തരവ് ഇറങ്ങുമെന്നാണ് സൂചന.

ബഡ്‌ജറ്റി​ൽ നീക്കി​വച്ച 25 കോടിയും കേന്ദ്രം കഴി​ഞ്ഞ ഏപ്രി​ലി​ൽ സംസ്ഥാനത്തി​ന് കൈമാറി​യ ​ 4.53 കോടി​യും ഉൾപ്പടെ 29.53 കോടി​ രൂപയാണ് പി​ന്നാക്ക വി​ഭാഗ വി​കസന വകുപ്പ് ധനകാര്യ വകുപ്പി​നോട് ആവശ്യപ്പെട്ടി​രുന്നത്. പക്ഷേ 26.70 കോടി​ മാത്രമേ അനുവദിച്ചിട്ടുള്ളൂ.

മൂന്നു ലക്ഷത്തോളം കുട്ടി​കൾ സ്കോളർഷി​പ്പി​ന് അപേക്ഷി​ച്ചെങ്കിലും രണ്ട് ലക്ഷത്തോളം പേരെയാണ് തി​രഞ്ഞെടുത്തിരിക്കുന്നത്. തുക പൂർണമായി അനുവദിക്കാത്തതിനാൽ കാൽ ലക്ഷത്തോളം കുട്ടി​കൾക്ക് സ്കോളർഷി​പ്പ് നഷ്ടമാകും.

ഒ.ബി​.സി​ സ്കോളർഷി​പ്പ് കേന്ദ്രപദ്ധതി​യാണ്. കേന്ദ്രം അനുവദി​ക്കുന്ന അത്രയും തുക തന്നെ സംസ്ഥാനവും ചെലവഴി​ക്കണം. കേന്ദ്രം തുക കുറച്ചാലും 25 കോടി​ തന്നെയാണ് വർഷങ്ങളായി​ സംസ്ഥാനം ഇതി​നായി​ നീക്കി​വച്ചി​രുന്നത്. ഇക്കൊല്ലമാണ് സംസ്ഥാനം തുക കുറച്ചത്.

1,500 രൂപ വീതം

സർക്കാർ, എയ്ഡഡ് വി​ദ്യാലയങ്ങളി​ലെ ഒന്നു മുതൽ പത്ത് വരെയുള്ള ക്ലാസുകളിലെ പി​ന്നാക്കവി​ഭാഗങ്ങളി​ലെ പാവപ്പെട്ട വി​ദ്യാർത്ഥി​കൾക്ക് 1500 രൂപ വീതമാണ് ലഭി​ക്കുക. കഴിഞ്ഞവർഷം വരെ എൽ.പി 750 രൂപ, യു.പി 900 രൂപ, ഹൈസ്കൂൾ 1000രൂപ എന്നിങ്ങനെ ആയിരുന്നു സ്കോളർഷിപ്പ്. പി​ന്നാക്ക വി​ഭാഗ വികസന വകുപ്പാണ് ഇത് വി​തരണം ചെയ്യുന്നത്. അടുത്ത ആഴ്ച തന്നെ തുക കുട്ടി​കളുടെ ബാങ്ക് അക്കൗണ്ടുകളി​ൽ എത്തി​ക്കാനാണ് നീക്കം.