ആലുവ: ഗ്രാമപഞ്ചായത്ത് ഒരുക്കിയ കെണിയെത്തുടർന്ന് നിശ്ചലമായ പ്ളാസ്റ്റിക്ക് മാലിന്യനീക്കം തോട്ടുമുഖം റസിഡൻസ് അസോസിയേഷൻ പുനരാരംഭിച്ചു. ആലുവ പ്ളാൻ അറ്റ് എർത്ത് എന്ന ഏജൻസിയുമായി ചേർന്നാണ് പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും നീക്കുന്നത്. കഴിഞ്ഞ നവംബറിലാണ് അവസാനമായി അസോസിയേഷൻ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചത്. അതിനുശേഷം ഗ്രാമപഞ്ചായത്ത് നേരിട്ട് പ്ളാസ്റ്റിക്ക് മാലിന്യം നീക്കിത്തുടങ്ങിയതിനാൽ നിർത്തുകയായിരുന്നു. എന്നാൽ ഗ്രാമപഞ്ചായത്തിന് മാലിന്യ ശേഖരണം തുടരാനായില്ല. തുടർന്നാണ് അസോസിയേഷൻ മാലിന്യനീക്കം പുനരാരംഭിച്ചത്.
ആദ്യ മാലിന്യ ശേഖരണം അസോസിയേഷൻ കുടുംബാംഗം ജയശ്രീ പ്രഭാകരനിൽ നിന്ന് ഏജൻസി പ്രതിനിധി ഏറ്റുവാങ്ങി. അസോസിയേഷൻ പ്രസിഡന്റ് മുഹമ്മദ് അൻസാരി, മുൻ പ്രസിഡന്റുമാരായ മുഹമ്മദ് കാസിം, പ്രഭാകരൻ, അസോസിയേഷൻ ട്രഷറർ ഷാജി പെരുമനതോട്ടത്തിൽ, നൗഷാദ് അഞ്ചാംപരുത്തി, കെരിം കല്ലുങ്കൽ എന്നിവർ പങ്കെടുത്തു. രജിസ്റ്റർ ചെയ്ത അംഗങ്ങളുടെ വീടുകളിൽ നിന്ന് ഇന്നും നാളെയുമായി നേരിട്ടാണ് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നത്.