കൊച്ചി : കോളേജ് ഹോസ്റ്റലിലെ പെൺകുട്ടികൾ രാഷ്ട്രീയപ്രവർത്തനം നടത്തുന്നതും ഫസ്റ്റ് ഷോയ്ക്കോ സെക്കൻഡ് ഷോയ്ക്കോ പോകുന്നതും മാനേജ്മെന്റിന് വിലക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. തൃശൂർ കേരളവർമ്മ കോളേജിലെ ഗേൾസ് ഹോസ്റ്റലിലെ ഇരു നിയന്ത്രണങ്ങളും റദ്ദാക്കിയാണ് സിംഗിൾബെഞ്ചിന്റെ വിധി. നിയന്ത്രണങ്ങൾക്കെതിരെ രണ്ട് വിദ്യാർത്ഥിനികൾ നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. ക്ളാസിൽ പോകാതെ ഹോസ്റ്റലിൽ നിൽക്കണമെങ്കിൽ മുൻകൂർ അനുമതി വേണം, ഹോസ്റ്റലിലെ വിദ്യാർത്ഥിനികൾ രാഷ്ട്രീയ പ്രവർത്തനങ്ങളിലോ ജാഥകളിലോ പങ്കെടുക്കരുത്, വാർഡൻ അനുവദിച്ചിട്ടുള്ള ദിനങ്ങളിലല്ലാതെ സിനിമയ്ക്ക് പോകരുത്, ഫസ്റ്റ് ഷോയ്ക്കും സെക്കൻഡ് ഷോയ്ക്കും പോകരുത്. ക്ളാസിൽ കൃത്യമായി ഹാജരാകാതിരിക്കുക, കോളേജിൽ മോശമായി പെരുമാറുക തുടങ്ങിയ കാരണങ്ങളാൽ ഹോസ്റ്റലിൽ നിന്ന് കുട്ടികളെ പുറത്താക്കാൻ കഴിയും എന്നീ വ്യവസ്ഥകളാണ് ഹർജിക്കാർ ചോദ്യം ചെയ്തത്.
ഇതിൽ രാഷ്ട്രീയ പ്രവർത്തനത്തിനും സിനിമ കാണലിനും വിലക്കേർപ്പെടുത്തിയതൊഴികെ മറ്റു വ്യവസ്ഥകൾ നിയമപരമാണെന്ന് സിംഗിൾബെഞ്ച് വിലയിരുത്തി. രാഷ്ട്രീയ പ്രവർത്തനം തടയുന്നത് മൗലികാവകാശത്തിന്റെ ലംഘനമാണെന്നും ഹൈക്കോടതി പറഞ്ഞു. യു.ജി.സി റെഗുലേഷൻ പ്രകാരം വിദ്യാർത്ഥിനികളുടെ സുരക്ഷയുടെ പേരിൽ വിവേചനപരമായ വ്യവസ്ഥകൾ നടപ്പാക്കാനാവില്ല. ചില വ്യവസ്ഥകൾ ആൺകുട്ടികളുടെ ഹോസ്റ്റലിന് ബാധകമല്ല. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള സ്വാതന്ത്ര്യം തുല്യമാണ്. ഫസ്റ്റ് ഷോയ്ക്കു പോകണോ സെക്കൻഡ് ഷോയ്ക്ക് പോകണോയെന്നൊക്കെ തീരുമാനിക്കേണ്ടത് വിദ്യാർത്ഥിനികളാണ്. എന്നാൽ എത്രമണിക്ക് ഹോസ്റ്റലിൽ തിരിച്ച് എത്തണമെന്ന് തീരുമാനിക്കാൻ അധികൃതർക്ക് കഴിയും. കോളേജിലെ അച്ചടക്കം ഉറപ്പാക്കാനുള്ള പരമാധികാരം മാനേജ്മെന്റിനാണ്. എന്തു തീരുമാനം എടുക്കണമെന്ന് പറയാൻ വിദ്യാർത്ഥികൾക്ക് കഴിയില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഹോസ്റ്റൽ വ്യവസ്ഥകൾ അംഗീകരിച്ച് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ഒപ്പിട്ടു നൽകിയിട്ടുണ്ടെന്ന് കോളേജ് അധികൃതർ വാദിച്ചു. പ്രായപൂർത്തിയായവരാണ് ഹർജിക്കാർ. ആ നിലയ്ക്ക് രക്ഷിതാക്കൾ ഒപ്പിട്ടു നൽകിയെന്ന കാരണത്താൽ ഇവരുടെ മൗലികാവകാശം ലംഘിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.