cr

കൊച്ചി: കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വൻ രാഷ്ട്രീയ പാർട്ടികളോട് പടവെട്ടി സാന്നിദ്ധ്യം അറിയിച്ച ആം ആദ്മി പാർട്ടി ഇക്കുറി കേരളത്തിലടക്കമുള്ള സംസ്ഥാനങ്ങളിലെ മത്സരത്തിൽ നിന്ന് വിട്ടു നിൽക്കുകയാണ്. ഡൽഹി, പഞ്ചാബ്, ഹരിയാന, ഗോവ, ചണ്ഡിഗഢ് എന്നീ സംസ്ഥാനങ്ങളിൽ മാത്രം പടയ്ക്കിറങ്ങാനാണ് പാർട്ടി തീരുമാനമെന്ന് ആം ആദ്മി പാർട്ടി സംസ്ഥാന കൺവീനർ സി.ആർ. നീലകണ്ഠൻ പറഞ്ഞു. മറ്റിടങ്ങളിൽ ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിക്കാതെ കേന്ദ്രത്തിൽ എൻ.ഡി.എ വീണ്ടും വരുന്നത് തടയുകയാണ് ലക്ഷ്യം. പാർട്ടിയുടെ നയങ്ങളെയും നിലപാടിനെയും സി.ആർ. നീലകണ്ഠൻ 'ഫ്ളാഷി'നോട് സംസാരിക്കുന്നു:

രാഷ്ട്രീയ നിലപാട്

ആം ആദ്മി പാർട്ടി ദേശീയ തലത്തിൽ തിരഞ്ഞെടുപ്പിനെ നോക്കി കാണുന്നത് കേവലം രാഷ്ട്രീയ പാർട്ടികൾ തമ്മിലെ മത്സരം എന്നതിനപ്പുറം ജനാധിപത്യം ഇന്ത്യയിൽ നിലനിൽക്കണോ എന്നതിന് ഉത്തരമായിട്ടാണ്. മോദി സർക്കാറിന് കീഴിലുള്ള എൻ.ഡി.എ ഭരണത്തിലെത്താൻ പാടില്ലെന്ന സന്ദേശമാണ് എ.എ.പി മുന്നോട്ട് വയ്ക്കുന്നത്. ഭരണഘടനയുടെയും ഭരണഘടനാ സ്ഥാപനങ്ങളുടെയും നടത്തിപ്പ് മോദി ഭരണത്തിൽ അപകടത്തിലായിരിക്കുകയാണ്. അതിനാൽ മോദി ഭരണത്തിൽ വരാൻ പാടില്ല. ഇതിനായി ഒരുപാട് സീറ്റുകളിൽ മത്സരിച്ച് ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിക്കേണ്ട എന്നതാണ് പാർട്ടിയുടെ ഇപ്പോഴത്തെ രാഷ്ട്രീയ നിലപാട്.


മുന്നണിക്കൊപ്പം സഖ്യത്തിനില്ല

ലോക്‌‌സഭാ തിരഞ്ഞെടുപ്പിൽ യാതൊരുവിധ സഖ്യത്തിനും തയാറല്ല. എല്ലാ രാഷ്ട്രീയ കക്ഷികളുമായി അഭിപ്രായ വ്യത്യാസമുണ്ട്. അതുകൊണ്ടുതന്നെ സഖ്യമെന്നത് നടപ്പിലാകില്ല. എന്നാൽ, എ.എ.പി.സ്ഥാനാർത്ഥി നിൽക്കുന്നതിനാൽ ബി.ജെ.പി ജയിക്കാനും പാടില്ല. ബി.ജെ.പിയെ തോൽപ്പിക്കാൻ കഴിയുന്ന പാർട്ടിയുടെ സ്ഥാനാർത്ഥിക്ക് വോട്ട് നൽകും. കഴിവു കാണിക്കാനോ എണ്ണം കാണിക്കാനോ മത്സരിക്കാനില്ല. അതിന്റെ പഴുതിൽ പോലും എൻ.ഡി.എ ഭരണത്തിലെത്തരുത്. തങ്ങൾക്ക് സഖ്യം ചേരൻ സാധിക്കുന്ന പാർട്ടി ഇന്ത്യയിലില്ല.

സ്വതന്ത്രരെ പിന്തുണയ്ക്കും

ആം ആദ്മിയുടെ നിലപാടുകളുമായി ചേർന്നു പോകുന്ന സ്വതന്ത്ര സ്ഥാനാർത്ഥികളെ പിന്തുണയ്ക്കും. ചാലക്കുടി മണ്ഡലത്തിൽ ട്വന്റി 20 രംഗത്തിറക്കുന്ന സ്ഥാനാർത്ഥിയെയും കർണാടകയിൽ പ്രകാശ് രാജിനെയും പിന്തുണയ്ക്കുന്ന കാര്യങ്ങൾ പരിശോധിക്കും. ഇക്കുറി എ.എ.പി പ്രവർത്തകരുടെ വോട്ട് വർഗീയതയ്ക്കും അക്രമരാഷ്ട്രീയത്തിനും എതിരായിരിക്കും. കേരളത്തിലെ മിക്ക പാർട്ടികളും അഴിമതിക്കാരും വർഗീയത വച്ചു പുലർത്തുന്നവരുമായിരിക്കെ അവർക്കൊപ്പം എ.എ.പിക്ക് മുന്നോട്ട് പോകാനാവില്ല. എ.എ.പി ഒരിടത്ത് ഒരു പാർട്ടിയെ പിന്തുണയ്ക്കുന്നു എന്നതിന്റെ അർത്ഥം അവർ അഴിമതിക്കാരല്ല എന്നതല്ല അവർക്ക് ബി.ജെ.പി സർക്കാറിനെ താഴെയിറക്കാൻ സാധിക്കുമെന്നതാണ്.

രണ്ടേകാൽ ലക്ഷം വോട്ട്

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കേരളത്തിൽ മത്സരിച്ച 15 സീറ്റിൽ നിന്ന് രണ്ടേകാൽ ലക്ഷം വോട്ട് ലഭിച്ചു. ഇതിനർത്ഥം പാർട്ടിയുടെ സ്വീകാര്യത തന്നെയാണ്. മറ്റു പാർട്ടികളെ അപേക്ഷിച്ച് സുതാര്യമായ ഭരണസംവിധാനമാണ് ആം ആദ്മി പാർട്ടിക്കുള്ളത്. പാർട്ടിയിൽ ഉള്ളവരെല്ലാം വോളണ്ടിയർമാരാണ്. അവർ ജനങ്ങളെ സേവിക്കുക, അഴിമതി തുടച്ചു നീക്കുക എന്ന ലക്ഷ്യത്തിൽ പ്രവർത്തിക്കുന്നവരാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാജ്യത്ത് 415 മണ്ഡലത്തിൽ മത്സരിച്ചിരുന്നു.

ബി.ജെ.പി പുറത്തു പോകും

വ്യക്തമായ തിരഞ്ഞെടുപ്പ് ചിത്രം പുറത്തു വന്നിട്ടില്ലെങ്കിലും അഖിലേന്ത്യാതലത്തിൽ ഇക്കുറി ബി.ജെ.പി പുറത്തു പോകുമെന്നതിൽ തർക്കമില്ല. കേരളത്തിൽ നിന്ന് എൻ.ഡി.എ വിരുദ്ധ, മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന എം.പിമാർ ലോക്‌‌സഭയിൽ എത്തും.