കൊച്ചി: സംസ്ഥാനത്തെ മുന്നാക്ക വിഭാഗങ്ങളിലെ പാവപ്പെട്ട വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് ഇക്കൊല്ലം ലഭിക്കില്ല. സദ്യയ്ക്ക് വിളിച്ചുവരുത്തി ഇരുത്തിയിട്ട് ഉൗണില്ലെന്ന് പറയും പോലെയായിരുന്നു നടപടിക്രമങ്ങൾ. ഭരണാനുമതി നൽകിയശേഷം വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ച് അർഹരുടെ പട്ടിക തയ്യാറാക്കി ഫണ്ടിന് കാത്തിരുന്ന മുന്നാക്കവികസന ക്ഷേമ കോർപറേഷന് സ്കോളർഷിപ്പ് നിരസിച്ചുകൊണ്ടുള്ള അറിയിപ്പ് ശനിയാഴ്ച ലഭിച്ചു. പൊതുഭരണ വകുപ്പ് അണ്ടർസെക്രട്ടറി പി.സി. മനോജ് കുമാറാണ് ഇക്കൊല്ലം ഫണ്ട് അനുവദിക്കാൻ നിവൃത്തിയില്ലെന്ന കത്തയച്ചത്.
സാമ്പത്തികവർഷം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ പാവപ്പെട്ട പിന്നാക്ക വിഭാഗക്കാർക്കുള്ള സ്കോളർഷിപ്പ് നിഷേധിക്കാനുള്ള ധനവകുപ്പിന്റെ നീക്കം കഴിഞ്ഞദിവസം കേരളകൗമുദി വാർത്തയാക്കിയതിനെ തുടർന്ന് പാളിയിരുന്നു. 2013 മുതൽ മുടങ്ങാതെ നൽകിവരുന്ന മുന്നാക്കവിഭാഗ വിദ്യാർത്ഥികളുടെ സ്കോളർഷിപ്പാണ് ഇത്തവണ സർക്കാർ നിരസിക്കുന്നത്. 17 കോടിയാണ് ഇക്കൊല്ലം ഈ സ്കോളർഷിപ്പിനായി ബഡ്ജറ്റിൽ നീക്കിവച്ചത്. കഴിഞ്ഞ ജൂണിൽ ഈ തുക 13.6 കോടിയാക്കി ചുരുക്കി ധനകാര്യ സെക്രട്ടറി ഉത്തരവിറക്കി. സെപ്തംബറിൽ ഭരണാനുമതിയും ലഭിച്ചു. തുക കുറഞ്ഞതിനാൽ ഹൈസ്കൂൾ വിദ്യാർത്ഥികളെ ഒഴിവാക്കിയാണ് അപേക്ഷ ക്ഷണിച്ച് പട്ടിക തയ്യാറാക്കിയത്. 40,000 അപേക്ഷകരിൽ നിന്ന് അർഹരായ 24,000 പേരുടെ ശുപാർശയും നൽകി.
സ്കോളർഷിപ്പ് മുടങ്ങില്ല: ആർ. ബാലകൃഷ്ണപിള്ള
മുന്നാക്കവിഭാഗ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് എന്തുവന്നാലും മുടങ്ങില്ലെന്ന് സംസ്ഥാന മുന്നാക്ക വികസന ക്ഷേമ കോർപറേഷൻ ചെയർമാൻ ആർ.ബാലകൃഷ്ണപിള്ള പറഞ്ഞു. അടിയന്തരമായി സർക്കാരുമായി ചർച്ച നടത്തി പരിഹാരം കാണും.
നിരസിക്കപ്പെട്ട
സ്കോളർഷിപ്പുകൾ
ഹയർസെക്കൻഡറി 4,000
ഡിഗ്രി പ്രൊഫഷണൽ 7,000
ഡിഗ്രി നോൺപ്രൊഫഷണൽ 5,000
പി.ജി പ്രൊഫഷണൽ 16,000
പി.ജി നോൺപ്രൊഫഷണൽ 10,000
ഐ.ഐ.ടി 50,000
സി.എ 10,000
ഡിപ്ളോമ 6000