roshen-andrews-alwin-ant

കൊച്ചി: നിർമ്മാതാവ് ആൽവിൻ ആന്റണിയുടെ വീട്ടിൽ ഗുണ്ടകളുമായെത്തി സംവിധായകൻ റോഷൻ ആൻഡ്രൂസ് ആക്രമിച്ചെന്ന പരാതി സിനിമാ മേഖലയിൽ പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തി. ആൽവിൻ ആന്റണിയുടെ മകൻ ആൽവിൻ ജോൺ ആന്റണിയുമായുള്ള വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിൽ. തന്നെയാണ് ആൽവിന്റെ കുടുംബം ആക്രമിച്ചതെന്ന് റോഷൻ ആൻഡ്രൂസും പൊലീസിൽ പരാതി നൽകി.

കഴിഞ്ഞദിവസം എറണാകുളം പനമ്പള്ളിനഗറിലുള്ള ആൽവിന്റെ വസതിയിൽ രാത്രി പന്ത്രണ്ടരയോടെ എത്തിയ റോഷൻ അക്രമം അഴിച്ചുവിട്ടെന്നാണ് പരാതി. ആൽവിൻ ജോൺ ആന്റണി രണ്ടു സിനിമകളിൽ റോഷനൊപ്പം പ്രവർത്തിച്ചിരുന്നതായി മാതാവ് എയ്ഞ്ചൽ പറയുന്നു. റോഷൻ ആരോപിക്കുന്നതുപോലെ മയക്കുമരുന്ന് ഉപയോഗത്തെ തുടർന്ന് മകനെ പറഞ്ഞുവിട്ടിട്ടില്ല. അവൻ മയക്കുമരുന്ന് ഉപയോഗിക്കാറില്ല. റോഷന്റെ അവസാനം പുറത്തിറങ്ങിയ ചിത്രങ്ങളിലെ അസോസിയേറ്റായ പെൺകുട്ടിയുമായി മകൻ സൗഹൃദത്തിലായിരുന്നു. റോഷൻ മോശമായി പെരുമാറുന്നുവെന്ന് പെൺകുട്ടി മകനെ ധരിപ്പിച്ചിരുന്നു. വേറെ ആർക്കെങ്കിലും ഒപ്പം പ്രവർത്തിക്കാൻ നിർദ്ദേശിച്ചു. ഇക്കാര്യം റോഷൻ അറിഞ്ഞതാണ് പ്രശ്‌നത്തിന് കാരണം.

വീട്ടിലെത്തിയ റോഷൻ മകനുമായി സംസാരിക്കണമെന്ന് നിർബന്ധം പിടിച്ചു. ഗുണ്ടകളുമായാണ് എത്തിയതെന്ന് പറഞ്ഞു. ആദ്യം സംയമനത്തോടെ സംസാരിച്ച റോഷൻ പ്രകോപിതനായി പുറത്തുകാത്തുനിന്ന 25 ലധികം പേരെ വിളിച്ചു വരുത്തി. വീട്ടിലുണ്ടായിരുന്ന സുഹൃത്തായ ഡോക്‌ടറോട് ആൽവിൻ ജോൺ എവിടെയുണ്ടെന്ന് പറയണമെന്നായി റോഷൻ. അതിന് കൂട്ടാക്കാതെ വന്നതോടെ ഗുണ്ടകൾ മർദ്ദനം തുടങ്ങി. ഡോക്‌ടർ ചികിത്സയിലാണ്. റോഷൻ വീട്ടിൽ വന്നതിന്റെയും സംസാരിക്കുന്നതിന്റെയും ദൃശ്യങ്ങൾ തങ്ങളുടെ കൈയിലുണ്ടെന്നും എയ്ഞ്ചൽ പറഞ്ഞു. സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ തയ്യാറല്ലെന്ന് റോഷൻ ആൻഡ്രൂസ് പറഞ്ഞു.