മൂവാറ്റുപുഴ: നവീകരിച്ച മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി ഡിപ്പോ നാലര വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് യാത്രക്കാർക്ക് തുറന്നുകൊടുത്തു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ ആഘോഷങ്ങളും ആർഭടങ്ങളുമില്ലാതെയായിരുന്നു ഡിപ്പോയുടെ പ്രവർത്തനം തുടങ്ങിയത്.
ഡിപ്പോ തുറന്നതോടെ നഗരത്തിലെ വിവിധ ഭാഗങ്ങളിലും റോഡരികിലും രാത്രികാലങ്ങളിൽ പാർക്ക് ചെയ്തിരുന്ന ബസുകൾ ഡിപ്പോയിൽ പാർക്ക് ചെയ്യാൻ കഴിയും. ഇതിന് പുറമേ യാത്രക്കാർക്ക് വെയിലും മഴയുമേൽക്കാതെ ബസ് കാത്ത് നിൽക്കാം.
യാർഡ് നിർമ്മാണം പൂർത്തിയായതോടെയാണ് ഡിപ്പോ പ്രവർത്തനമാരംഭിക്കുന്നത്. 2014 നവംബറിൽ നിർമ്മാണോദ്ഘാടനം നടത്തിയ ഡിപ്പോയുടെ ഒന്നാം ഘട്ടത്തിലെ നിർമ്മാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ പൂർത്തിയായത്.
പുതിയ ഡിപ്പോയിലെ വൈദ്യുതി വിതരണത്തിന് പുതിയ ട്രാൻസ്‌ഫോമർ സ്ഥാപിക്കണം. ഇതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. ഡിപ്പോയിൽ വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ലൈറ്റുകളും ഫാനുകളും സ്ഥാപിച്ച് കഴിഞ്ഞു. കസേരകളും വിവധ സംഘടനകൾ നൽകി . ജീവനക്കാരുടെ നേതൃത്വത്തിൽ കുടിവെള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇത് വിപുലമാക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നു.
ഡിപ്പോ തുറന്നതോടെ ഇനിയുള്ള നിർമ്മാണ പ്രവർത്തനങ്ങളും ഇതോടൊപ്പം നടക്കും. ഡിപ്പോയിലെ ട്രീറ്റ്‌മെന്റ് പ്ലാന്റ് നിർമ്മാണം പുരോഗമിക്കുന്നു. ഇതോടൊപ്പം ഇലക്ട്രിക്, ഫയർ, പ്ലംബിംഗ് ജോലികൾ പൂർത്തിയാകുന്ന മുറയ്ക്ക് നിലവിൽ ഡിപ്പോയിൽ ലേലം ചെയ്ത 16 മുറികൾ ഉടമസ്ഥർക്ക് കൈമാറും. അവശേഷിക്കുന്ന 11 മുറികൾ ലേലം ചെയ്ത് നൽകും.
അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ നിർമ്മാണവും ആരംഭിക്കേണ്ടതുണ്ട് . ഇതിനായി എൽദോ എബ്രഹാം എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 1.52കോടി രൂപ നേരത്തെ അനുവദിച്ചിട്ടുണ്ട്. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ നിർമ്മാണത്തിനായി സർക്കാർ ഏജൻസിയായ ഹാബിറ്റാറ്റ് ഡിസൈൻ തയ്യാറാക്കി സമർപ്പിച്ചിട്ടുണ്ട്. അനുമതി ലഭിക്കുന്ന മുറയ്ക്ക് നിർമ്മാണം ആരംഭിക്കും.