കൊച്ചി : ശബരിമലയിലെ പൊലീസ് അതിക്രമത്തെക്കുറിച്ചുള്ള അന്വേഷണത്തിലെ ഉദാസീനത അപലപനീയമാണെന്ന് ഹൈക്കോടതി വാക്കാൽ പറഞ്ഞു. ശബരിമലയിൽ ഭക്തരെ ആക്രമിച്ച പൊലീസുകാർക്കെതിരെ നടപടി വേണമെന്ന ഹർജിയിലാണ് ഡിവിഷൻബെഞ്ച് ഇക്കാര്യം പറഞ്ഞത്. ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട ഹർജികളെല്ലാം ഇന്നലെ ദേവസ്വം ബെഞ്ചിന്റെ പരിഗണനയ്ക്കെത്തിയിരുന്നു. ഇക്കൂട്ടത്തിലാണ് പൊലീസ് അതിക്രമങ്ങൾ ചോദ്യം ചെയ്യുന്ന ഹർജിയും ഹൈക്കോടതി പരിഗണിച്ചത്. ശബരിമലയിൽ അക്രമം നടത്തിയ മൂന്നു പൊലീസുകാരെ തിരിച്ചറിഞ്ഞെന്നും വിവിധ ബറ്റാലിയനുകളിൽ നിന്നുള്ള മറ്റുള്ളവരെ തിരിച്ചറിയാൻ അന്വേഷണം തുടരുകയാണെന്നും സർക്കാർ വിശദീകരിച്ചു. തിരഞ്ഞെടുപ്പ് നടപടികൾ തുടങ്ങിയതിനാൽ ഇവരെ വീണ്ടും വിന്യസിപ്പിക്കേണ്ട സാഹചര്യമുണ്ടെന്നും തുടർ നടപടിക്ക് സാവകാശം വേണമെന്നും സർക്കാർ വ്യക്തമാക്കി. എന്നാൽ സർക്കാരിന്റെ മറുപടി മതിയായതല്ലെന്നും അന്വേഷണ ഉദ്യോഗസ്ഥരുടെ കാര്യശേഷിയിൽ സംശയമുണ്ടെന്നും ഡിവിഷൻബെഞ്ച് വാക്കാൽ പറഞ്ഞു. തുടർന്ന് സർക്കാരിന്റെ സത്യവാങ്മൂലത്തിനായി രണ്ടാഴ്ച കഴിഞ്ഞ് ഹർജി പരിഗണിക്കാൻ മാറ്റി.
സമാധാനാന്തരീക്ഷം തകർക്കരുത്
ശബരിമലയിൽ ക്രമസമാധാന പ്രശ്നങ്ങൾ നിലവിലില്ലെന്നും സമാധാനാന്തരീക്ഷം തകർക്കാൻ ആരും ശ്രമിക്കരുതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. ശബരിമലയിൽ അഹിന്ദുക്കളെ പ്രവേശിപ്പിക്കരുതെന്ന ഹർജിയിൽ ഇത്തരമൊരു ആവശ്യം ഇപ്പോൾ പരിഗണിക്കണോയെന്ന് ഹൈക്കോടതി ചോദിച്ചു. തുടർന്ന് ഹർജി അടുത്ത ആഴ്ച പരിഗണിക്കാൻ മാറ്റി. അതേസമയം മറ്റു ചില വിഷയങ്ങൾ ഉന്നയിച്ചു നൽകിയ പത്ത് ഹർജികൾ ഹൈക്കോടതി തീർപ്പാക്കി.