dean-kuriakose

കൊച്ചി : മിന്നൽ ഹർത്താലിലെ അക്രമങ്ങളിൽ ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരെ പൊലീസ് കേസെടുത്ത സാഹചര്യത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് ഉൾപ്പെടെ കോടതിയലക്ഷ്യ നടപടി നേരിടുന്നവരോട് മറുപടി സത്യവാങ്മൂലം നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻബെഞ്ച് ഇതിനായി നാലാഴ്ച സമയം നൽകി.

സംസ്ഥാനത്ത് മിന്നൽ ഹർത്താൽ നിരോധിച്ച് ജനുവരിയിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവു നൽകിയത്. ഇതിനുശേഷം കാസർകോട് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ഡീൻ കുര്യാക്കോസ് സംസ്ഥാന ഹർത്താലിന് ആഹ്വാനം ചെയ്തെന്നും യു.ഡി.എഫ് കാസർകോട് ജില്ലാ നേതാക്കളായ എം.സി കമറുദ്ദീൻ, എം. ഗോവിന്ദൻ നായർ എന്നിവർ ജില്ലാ തല ഹർത്താലിന് ആഹ്വാനം ചെയ്തെന്നും വ്യക്തമാക്കി ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചിരുന്നു. ഹർത്താൽ അതിക്രമവുമായി ബന്ധപ്പെട്ട കേസുകളിൽ ആഹ്വാനം ചെയ്തവരെക്കൂടി പ്രതി ചേർക്കുകയാണെന്ന് സർക്കാർ ഇൗ ഹർജിയിൽ അറിയിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് ഹൈക്കോടതി തേടിയിട്ടുള്ളത്.