കൊച്ചി : ലേലം പിടിച്ചയാൾക്ക് വീടും സ്ഥലവും ഒഴിഞ്ഞു കൊടുക്കണമെന്ന ഹൈക്കോടതി ഉത്തരവ് പാലിക്കാത്ത പ്രീതാ ഷാജിയും ഭർത്താവ് ഷാജിയും സാമൂഹ്യസേവനം അനുഷ്ഠിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ഏതു തരത്തിലുള്ള സേവനമാണ് ചെയ്യേണ്ടതെന്ന് തീരുമാനിക്കാൻ ഹർജി ഇന്ന് വീണ്ടും പരിഗണിക്കും.
പ്രീതാ ഷാജിയും കുടുംബവും കോടതി ഉത്തരവ് പാലിച്ചില്ലെന്നാരോപിച്ച് ഭൂമി ലേലത്തിൽ പിടിച്ച എം.എൻ. രതീഷ് നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം.
ബാങ്കിൽ നിന്ന് സുഹൃത്തിന് രണ്ട് ലക്ഷം രൂപ വായ്പ എടുക്കാൻ പ്രീതാ ഷാജിയുടെ കുടുംബം തങ്ങളുടെ ഭൂമി ജാമ്യം നൽകിയിരുന്നു. വായ്‌പാ തിരിച്ചടവ് മുടങ്ങിയതോടെ കുടിശിക രണ്ടു കോടിയായി ഉയർന്നു. തുടർന്ന് ബാങ്ക് ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണലിനെ സമീപിച്ച് ലേല നടപടികൾ സ്വീകരിച്ചു. എന്നാൽ അനുമതി വാങ്ങി വർഷങ്ങൾ കഴിഞ്ഞു നടത്തിയ ലേലം നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടി ഡിവിഷൻബെഞ്ച് റദ്ദാക്കിയിരുന്നു. ഇതിനിടെയാണ് ഭൂമി വിട്ടുകൊടുക്കാനുള്ള ഉത്തരവ് പ്രീതാ ഷാജിയും കുടുംബവും പാലിച്ചില്ലെന്നാരോപിച്ച് എം.എൻ. രതീഷ് കോടതിയലക്ഷ്യ ഹർജി നൽകിയത്.