കൊച്ചി : രണ്ടാമൂഴം എന്ന സിനിമയുടെ തിരക്കഥ തിരികെ വേണമെന്നാവശ്യപ്പെട്ട് എം.ടി. വാസുദേവൻ നായർ നൽകിയ കേസിൽ മദ്ധ്യസ്ഥനെ നിയോഗിക്കണമെന്ന ആവശ്യം കോഴിക്കോട് ജില്ലാ കോടതി തള്ളിയതിനെതിരെ സംവിധായകൻ ശ്രീകുമാർ മേനോൻ ഹൈക്കോടതിയിൽ ഹർജി നൽകി. തർക്കം ഉണ്ടായാൽ മദ്ധ്യസ്ഥനെ പരിഗണിക്കാമെന്ന് എം.ടിയുമായുണ്ടാക്കിയ കരാറിൽ വ്യവസ്ഥയുണ്ട്. ഇതു പാലിക്കാതെ തിരക്കഥ തിരിച്ചുകിട്ടാൻ എം.ടി. വാസുദേവൻ നായർ മുൻസിഫ് കോടതിയെ സമീപിച്ചെന്ന് ഹർജിയിൽ ആരോപിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ശ്രീകുമാർ മേനോൻ കോഴിക്കോട് അഡി. മുൻസിഫ് കോടതിയെ സമീപിച്ചിരുന്നെങ്കിലും തള്ളി. തുടർന്ന് ജില്ലാ കോടതിയിൽ ഹർജി നൽകിയെങ്കിലും മാർച്ച് 15 ന് ശ്രീകുമാർ മേനോന്റെ ആവശ്യം തള്ളി ഉത്തരവായി. ഇതിനെതിരെയാണ് അപ്പീൽ നൽകിയത്.
നാല് വർഷം മുമ്പാണ് രണ്ടാമൂഴത്തിന്റെ തിരക്കഥ എം.ടി സിനിമയാക്കാൻ ശ്രീകുമാർ മേനോന് കൈമാറിയത്. മൂന്നു വർഷത്തിനുള്ളിൽ ഷൂട്ടിംഗ് തുടങ്ങുമെന്നായിരുന്നു കരാർ. എന്നാൽ ഇതു പാലിച്ചില്ല. ഒരു വർഷം കൂടി സമയം നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഇതേത്തുടർന്നാണ് തിരക്കഥ തിരിച്ചുവേണമെന്ന ആവശ്യവുമായി എം.ടി. വാസുദേവൻ നായർ കോടതിയെ സമീപിച്ചത്.