cpi

കൊച്ചി: രാഷ്ട്രീയ പാർട്ടികളിലെ പിളർപ്പ് പുത്തരിയല്ല. പിളർപ്പിനൊപ്പം അവയുടെ തിരഞ്ഞെടുപ്പ് ചിഹ്നങ്ങളും മാറുന്നത് സ്വാഭാവികം. രാജ്യത്ത് ആദ്യ തിരഞ്ഞെടുപ്പ് മുതൽ ചിഹ്നം മാറാത്ത ഏക പാ‌ർട്ടി സി.പി.ഐ മാത്രമാണ്. സ്വതന്ത്ര ഇന്ത്യയിൽ തിരഞ്ഞെടുപ്പ് തുടങ്ങിയതു മുതൽ സി.പി.ഐ മത്സരിക്കുന്നത് അരിവാൾ നെൽക്കതിർ അടയാളത്തിൽ തന്നെ. 1964ൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അരിവാളും നെൽക്കതിരും പിളർപ്പിനു ശേഷം സി.പി.ഐക്ക് തന്നെ ലഭിക്കുകയായിരുന്നു. 1964നു ശേഷം ഇതുവരെ സി.പി.എമ്മും അരിവാൾ ചുറ്റിക നക്ഷത്രത്തിലാണ് മത്സരിക്കുന്നത്.

ബി.ജെ.പിയുടെ ആദ്യ രൂപമായ ജനസംഘത്തിന്റെ ചിഹ്നം ദീപമായിരുന്നു. ബി.ജെ.പി രൂപീകരിച്ച ശേഷം സ്വീകരിച്ച താമര ചിഹ്നവും ഇതുവരെ മാറിയിട്ടില്ല. കോൺഗ്രസ് മൂന്ന് തവണയാണ് ചിഹ്നം മാറ്റിയത്. നെഹ്റുവിന്റെ കാലത്ത് നുകം വച്ച കാളയായിരുന്നു ചിഹ്നം. ഇന്ദിരാഗാന്ധിയുടെ കാലത്ത് പാർട്ടി പിളർന്നപ്പോൾ പശുവും കിടാവും ഇന്ദിരയ്ക്ക് ലഭിച്ചു . എതിർ വിഭാഗത്തിന് ചർക്ക തിരിക്കുന്ന സ്ത്രീയും ചിഹ്നമായി. പിന്നീട് ഇന്ദിരാ വിഭാഗത്തിന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് (ഇന്ദിര) എന്ന പേരും കെെപ്പത്തി ചിഹ്നവും അനുവദിച്ചു. രാജരത്നമാണ് കെെപ്പത്തി ചിഹ്നം എടുക്കാൻ ഇന്ദിരയെ പ്രേരിപ്പിച്ചത്. എന്നാൽ അകത്തേത്തറ കല്ലേകുളങ്ങര ദേവീ ക്ഷേത്രവുമായി ബന്ധപ്പെടുത്തി കെ.കരുണാകരനാണ് കൈപ്പത്തി ചിഹ്നം നിർദേശിച്ചതെന്ന കഥ കേരളത്തിൽ പ്രചാരത്തിലുണ്ട്.

പിളർപ്പിൽ വളർന്ന് സോഷ്യലിസ്റ്റ് പാർട്ടികൾ

ഏറ്റവും കൂടുതൽ പിളർന്നതും അതിനൊപ്പം ചിഹ്നങ്ങൾ മാറിക്കളിച്ചതും സോഷ്യലിസ്റ്റ് പാർട്ടികളിലാണ്. 18 തവണ പിളർന്നാണ് 1948ലെ സോഷ്യലിസ്റ്റ് പാർട്ടി ഇന്നത്തെ വിവിധ ജനതാദൾ പാർട്ടികളിൽ എത്തി നിൽക്കുന്നത്. കോൺഗ്രസിലെ സോഷ്യലിസ്റ്റ് ആശയക്കാരായ ജയപ്രകാശ് നാരായൺ, അച്യുത് പട്‌വർധൻ, റാംമനോഹർ ലോഹ്യ തുടങ്ങിയവരാണ് 1948ൽ ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടിക്ക് രൂപം നൽകിയത്. ആദ്യ തിരഞ്ഞെടുപ്പിൽ ആൽമരം ചിഹ്നത്തിൽ 12 സീറ്റ് ലഭിച്ചു.

തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഐ.എസ്.പിയും കിസാൻ മസ്ദൂർ പ്രജാപക്ഷും ലയിച്ച് പ്രജാ സോഷ്യലിസ്റ്റ് പാർട്ടി (പി.എസ്.പി) ആയി. കിസാൻ മസ്ദൂറിന്റെ ചിഹ്നമായ 'കുടിൽ' പുതിയ പാർട്ടി ചിഹ്നമായി. പിന്നീട് കോൺഗ്രസുമായുള്ള സഖ്യത്തെ ചൊല്ലി 1955ൽ പി.എസ്.പി വീണ്ടും പിളർന്നു. കോൺഗ്രസ് സഖ്യത്തെ എതിർത്ത ലോഹ്യയും കൂട്ടരും സോഷ്യലിസ്റ്റ് പാർട്ടിയുണ്ടാക്കി. പിന്നെയും പാർട്ടി പലതായി പിളർന്നു.

എന്നാൽ, അടിയന്തരാവസ്ഥയ്ക്ക് ശേഷം ഭാരതീയ ലോക്ദൾ, സോഷ്യലിസ്റ്റ് പാർട്ടി, സംഘടനാ കോൺഗ്രസ്, ജനസംഘം എന്നിവയെല്ലാം ഒന്നായി. ഭാരതീയ ലോക്ദളിന്റെ 'കലപ്പയേന്തിയ കർഷകൻ' ചിഹ്നത്തിലാണ് പുതിയ ജനതാ പാർട്ടി മത്സരിച്ചത്. വൻ ഭൂരിപക്ഷത്തോടെ 1977ൽ മൊറാർജി ദേശായി അധികാരത്തിലെത്തി. 1979ൽ ജോർജ് ഫെർണാണ്ടസും ചരൺസിംഗും ചേർന്ന് ജനതാപാർട്ടി (എസ് ) രൂപീകരിച്ചു. ജനതാപാർട്ടി 'ചക്രം' ചിഹ്നവുമായി തുടർന്നു. ചരൺസിംഗിന്റെ നേതൃത്വത്തിൽ ലോക്ദളും ഉണ്ടാക്കി. 1989ൽ ലോക്ദളും ജനതാപാർട്ടിയും വീണ്ടുമൊന്നായി.

കോൺഗ്രസ് വിട്ടെത്തിയ വി.പി.സിംഗുമായി ചേർന്ന് ജനതാദൾ എന്ന പുതിയ കക്ഷിയുണ്ടായി. ചിഹ്നം 'ചക്രം'. പത്തുമാസമായപ്പോൾ ജനതാദൾ പിളർത്തി സമാജ്‌ വാദി ജനതാദൾ രൂപീകരിച്ച് ചന്ദ്രശേഖർ പുറത്തുപോയി. 'ചക്രത്തിനുള്ളിലെ കർഷകൻ' ആയിരുന്നു ചിഹ്നം. ഇതിനിടയിൽ ജനതാദൾ പല കഷണങ്ങളായി പിരിഞ്ഞു. ലാലുപ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദൾ, മുലായം സിംഗ് യാദവിന്റെ സമാജ്‌വാദി പാർട്ടി, നവീൻ പട്‌നായിക്കിന്റെ ബിജു ജനതാദൾ, നിതീഷ് കുമാറിന്റെ ജനതാദൾ യു, ശരത് യാദവിന്റെ ലോക് താന്ത്രിക് ജനതാദൾ, ദേവഗൗഡയുടെ ജനതാദൾ എസ്, ജോർജ് ഫെർണാണ്ടസിന്റെ സമതാ പാർട്ടി എന്നിവയെല്ലാം പിന്തുടർച്ചകളാണ്. സമതാ പാട്ടി പിന്നീട് ജനതാദൾ യു വിൽ ലയിച്ചു. ഗൗഡയുടെ ജനതാദൾ എസിനാണ് 'ചക്രം' ചിഹ്നം ലഭിച്ചത്. ജനതാദൾ എസ് വീണ്ടും പിളർന്നപ്പോൾ ചിഹ്നം ട്രാക്ടറായും പിന്നെ കറ്റയേന്തിയ കർഷക സ്ത്രീയായും മാറി.