കൊച്ചി : സംസ്ഥാനത്തെ സർവകലാശാലകൾക്കായി ഏകീകൃത അക്കാഡമിക് കലണ്ടറിന് രൂപം നൽകണമെന്നും ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇതിന് മാനദണ്ഡങ്ങൾ ഉൾപ്പെടുത്തി സ്കീം തയ്യാറാക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ചാൻസലറുമായി കൂടിയാലോചിച്ചും സർവകലാശാലകളുടെ യോഗം വിളിച്ചുമാണ് സ്കീം ഉണ്ടാക്കേണ്ടത്. ഇൗ ഏകീകൃത കലണ്ടർ സർവകലാശാലകൾ പാലിക്കുന്നെന്ന് ഉറപ്പാക്കാൻ സ്കീമിൽ വ്യവസ്ഥ വേണമെന്നും മൂന്നു മാസത്തിനകം പ്രിൻസിപ്പൽ സെക്രട്ടറി ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാക്കണമെന്നും സിംഗിൾബെഞ്ചിന്റെ വിധിയിൽ പറയുന്നു.

നിയമ വിദ്യാർത്ഥിനികളായ കടവന്ത്ര സ്വദേശി മീര രമേശ്, തിരുവനന്തപുരം സ്വദേശി ആർഷ സതീശൻ എന്നിവർ സർവകലാശാലകളിലെ പരീക്ഷകളും ഫലപ്രഖ്യാപനവും വൈകുന്നതിനെതിരെ നൽകിയ ഹർജികളാണ് ഹൈക്കോടതി പരിഗണിച്ചത്. നേരത്തെ ഹർജികളിൽ എല്ലാ സർവകലാശാലകളെയും കക്ഷിയാക്കിയിരുന്നു. സപ്ളിമെന്ററി പരീക്ഷകളുടെ നടത്തിപ്പിലും ഫലപ്രഖ്യാപനത്തിലും കാലതാമസമുണ്ടെന്നത് വസ്തുതയാണെന്ന് കോടതി വിലയിരുത്തി. ഒാരോ സർവകലാശാലയുടെയും ചട്ടമനുസരിച്ച് വ്യത്യസ്ത അക്കാഡമിക് കലണ്ടറുകളും വെക്കേഷനുകളുമാണുള്ളതെന്നും ഏകീകൃത കലണ്ടർ നടപ്പാക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും ചാൻസലർക്കു വേണ്ടി ഹാജരായ അഭിഭാഷകൻ വിശദീകരിച്ചു. എന്നാൽ പരീക്ഷാ നടത്തിപ്പിനും ഫലപ്രഖ്യാപനത്തിനും കൃത്യമായ സമയം നിശ്ചയിച്ച് ഇൗ രീതി പിന്തുടരുന്നത് വിദ്യാഭ്യാസ നിലവാരം ഉയർത്തുമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ആ നിലയ്ക്ക് ഏകീകൃത കലണ്ടർ നടപ്പാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നെന്നും സിംഗിൾബെഞ്ച് അഭിപ്രായപ്പെട്ടു. ലോകത്തെ വിവിധ സർവകലാശാലകളുടെ പ്രവർത്തന രീതിയെക്കുറിച്ചുള്ള റിപ്പോർട്ടുകളും കോടതി പരിഗണിച്ചു.