കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അമിത ചെലവും കള്ളപ്പണവും കൈയോടെ പിടികൂടാൻ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ നിരീക്ഷണം ആരംഭിച്ചു. സ്ഥാനാർത്ഥികൾക്കും പാർട്ടികൾക്കും പിന്നാലെ എപ്പോഴും ഇവരുടെ കണ്ണുണ്ടാവും. നികുതി വകുപ്പിന്റെ ഇൻവെസ്റ്റിഗേഷൻ ഡയറക്ടറേറ്റ് ഇതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം സജ്ജീകരിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശ പ്രകാരമാണിത്.
വലിയതോതിൽ പണം, വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ ശേഖരിച്ചതായോ കടത്തിക്കൊണ്ട് പോകുന്നതായോ വിവരം ലഭിക്കുന്നവർക്ക് കൺട്രോൾ റൂമിനെ അറിയിക്കാം. അറിയിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന് അഡിഷണൽ ഡയറക്ടർ അറിയിച്ചു. കണക്കിൽപ്പെടാത്ത പണം ഉപയോഗിക്കുന്നത് തടയുന്നതിനാണിത്.
കൊച്ചിയിൽ സഹോദരൻ അയ്യപ്പൻ റോഡിൽ എളംകുളത്തെ അഡിഷണൽ ഡയറക്ടറുടെ ഓഫീസിലാണ് കൺട്രോൾ റൂം പ്രവർത്തിക്കുക. സംസ്ഥാനത്തിന്റെ മറ്റു സ്ഥലങ്ങളിലും രഹസ്യ നിരീക്ഷണം ആരംഭിച്ചിട്ടുണ്ട്.
കൺട്രോൾ റൂം ടോൾ ഫ്രീ നമ്പർ : 18004253173.
ഇ മെയിൽ: electionmonitoring.it@gmail.com
വാട്‌സ് ആപ്പ് നമ്പർ : 8547000041
ഫാക്സ് : 0484 2206170.