ആലുവ: പാർലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഇതുവരെ ആലുവ അദ്വൈതാശ്രമത്തിൽ എത്താതിരുന്നതിൽ ഖേദം പ്രകടിപ്പിച്ച് ഇന്നസെന്റ് . ഇന്നലെ ഉച്ചയ്ക്ക് ആശ്രമത്തിലെത്തിയപ്പോഴാണ് സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദയോട് ഖേദപ്രകടനം നടത്തിയത്.
രണ്ട് വർഷം മുമ്പ് കാലടിയിൽ നടന്ന ഒരു ചടങ്ങിൽ ഇന്നസെന്റ് എം.പിക്കൊപ്പം സ്വാമി ശിവസ്വരൂപാനന്ദയും പങ്കെടുത്തിരുന്നു. അന്ന് ശ്രീനാരായണ ഗുരുദേവൻ സ്ഥാപിച്ച അദ്വൈതാശ്രമം സന്ദർശിക്കാൻ സ്വാമി നേരിട്ട് ക്ഷണിച്ചതുമാണ്. എന്നിട്ടും ഇതുവരെ എത്താതിരുന്നതിന്റെ പരിഭവം സ്വാമി പറഞ്ഞപ്പോഴാണ് ഇന്നസെന്റ് ഖേദപ്രകടനംനടത്തിയത്. പിന്നീട് സ്വാമിയുടെ സഹായങ്ങൾ അഭ്യർത്ഥിച്ച ശേഷമാണ് ഇന്നസെന്റ് മടങ്ങിയത്. നഗരസഭ പ്രതിപക്ഷ നേതാവ് രാജീവ് സക്കറിയ, സി.പി.എം ഏരിയ കമ്മിറ്റിയംഗം പി.എം. സഹീർ, ജോമോൻ രാജ് എന്നിവരും ഇന്നസെന്റിനൊപ്പം ഉണ്ടായിരുന്നു.