sndp
870-ാം നമ്പർ ഓണക്കൂർ ശാഖയിലെ ഗുരുദേവ ശാസ്താ ക്ഷേത്രത്തിലെ പ്രതിഷ്ഠാ മഹോത്സവത്തോടനുബന്ധിച്ച് നടന്ന മഹാഗണപതി ഹോമം

പിറവം : എസ്.എൻ.ഡി.പി. യോഗം 870-ാം നമ്പർ ഓണക്കൂർ ശാഖയിലെ ഗുരുദേവ-ശാസ്താ ക്ഷേത്രത്തിലെ ആറാമത് പ്രതിഷ്ഠാ മഹോത്സവത്തിന് മഹാഗണപതി ഹോമത്തോടെ തുടക്കമായി. ഇന്നലെ രാവിലെ നടന്ന ചടങ്ങിൽ നൂറുകണക്കിന് ശാഖാംഗങ്ങൾ പങ്കെടുത്തു. വൈകിട്ട് ഗുരുദേവ ബാലജന യോഗത്തിലെ കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു.

ഇന്ന് രാവിലെ വിശേഷാൽ ഗുരുദേവപൂജയ്ക്കു പുറമെ 10.30ന് കോട്ടയം യൂണിയൻ വൈസ് പ്രസിഡന്റ് വി.എം.ശശി ഗുരുദേവ പ്രഭാഷണം നടത്തും. ശാഖാ പ്രസിഡന്റ്റ് പി.കെ. രമണൻ, സെക്രട്ടറി കെ.എസ് .ശശി, മാനേജിംഗ് കമ്മിറ്റിഅംഗങ്ങൾ, മുൻ ശാഖാ ഭാരവാഹികൾ എന്നിവർ പ്രസംഗിക്കും. ഉച്ചയ്ക്ക് 1 ന് മഹാപ്രസാദ ഊട്ട് . വൈകിട്ട് 6ന് നടക്കുന്ന സാംസ്കാരിക സമ്മേളനം അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. കൂത്താട്ടുകുളം യൂണിയൻ പ്രസിഡന്റ് പി.ജി. ഗോപിനാഥ് അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി സി.പി. സത്യൻ മുഖ്യപ്രഭാഷണം നടത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമിത് സുരേന്ദ്രൻ എൻഡോവ്മെന്റ് വിതരണവും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുഷമ മാധവൻ ചികിത്സാസഹായ വിതരണവും നിർവഹിക്കും. കെ.ജി. പുരുഷോത്തമൻ, വി.കെ. കമലാസനൻ ഗ്രാമ പഞ്ചായത്തംഗം ഒ.എം. ചെറിയാൻ, നഗരസഭാ കൗൺസിലർ ഐഷാ മാധവ്. ശാഖാ സെക്രട്ടറി കെ.എസ്. ശശി, പ്രസിഡന്റ് പി.കെ. രമണൻ പ്രസംഗിക്കും. സമാപന ദിവസമായ നാളെ (വ്യാഴം) വൈകിട്ട് 4 ന് വർണ്ണപ്പകിട്ടാർന്ന താലപ്പൊലി ഘോഷയാത്ര ക്ഷേത്രാങ്കണത്തിൽ നിന്നും പുറപ്പെട്ട് അണ്ടിച്ചിറയിലെത്തി സ്വീകരണ ശേഷം വൈകിട്ട് 6 ന് ക്ഷേത്രത്തിൽ തിരിച്ചെത്തും. 6.30ന് മഹാ ദീപാരാധന ,തുടർന്ന് ഭക്തിഗാനസുധ.