മൂവാറ്റുപുഴ: തൃപ്പൂരം കടവിലെ ചെക്ക് ഡാമിന് ഷട്ടറിട്ട് പ്രദേശത്തെ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമായി. ആയവന ഗ്രാമ പഞ്ചായത്തിലൂടെ ഒഴുകുന്ന കാളിയാർ പുഴയ്ക്ക് കുറുകെ കാലാമ്പൂർ തൃപ്പൂരം കടവിലെ ചെക്ക് ഡാമിന്റെ നഷ്ടപ്പെട്ട ഷട്ടറുകൾ പുന:സ്ഥാപിക്കണമെന്ന ആവശ്യവുമായി പ്രദേശവാസികൾ രംഗത്തെത്തി.
വേനൽ കടുത്തതോടെ പ്രദേശത്തെ രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണുന്നതിനായി തൃപ്പൂരം കടവിൽ വർഷങ്ങൾക്കുമുമ്പാണ് ചെക്ക് ഡാം നിർമ്മിച്ച് ഷട്ടറുകൾ ഇട്ടത്. കഴിഞ്ഞ മഹാ പ്രളയത്തിലാണ് ഷട്ടറിന്റെ പലകൾ നഷ്ടപ്പെട്ടത്. ഇതോടെ ചെക്ക് ഡാമിലെ വെള്ളംകൊണ്ട് നാട്ടുകാർക്ക് പ്രയോജനം ഇല്ലാതായി. ഡാമിലെ വെള്ളം തടഞ്ഞു നിർത്തിയാൽ മാത്രമേ പ്രദേശ വാസികളുടെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുകയുള്ളു.
പുഴയ്ക്ക് കുറുകെ ചെക്ക് ഡാം നിർമ്മിച്ച് ഷട്ടറുകൾ സ്ഥാപിച്ച് വെള്ളം തടഞ്ഞുനിർത്തുകയായിരുന്നു നിർമ്മാണ ലക്ഷ്യം. കാലവർഷത്തിൽ ഷട്ടറുകൾ തുറന്നിടുകയും വേനൽക്കാലത്ത് ഷട്ടറുകൾ അടയ്ക്കുകയുമാണ് പതിവ് . ചെക്ക് ഡാമിൽ വെളളം നിറയുന്നതോടെ വേനൽകാലത്ത് സമീപത്തെ കിണറുകളിലും കുളങ്ങളിലും ജലനിരപ്പ് ഉയരുന്നിനാൽ ഇൗ പ്രദേശത്തെ കൃഷിക്കും കുടിവെള്ളത്തിനും ഏറെ പ്രയോജനകരമായിരുന്നു . എന്നാൽ കാലവർഷം കഴിഞ്ഞതിനു ശേഷം ഷട്ടറുകൾ അടക്കാനാവാത്തതിനാൽ പ്രദേശത്തെ കിണറുകളിലേയും കുളങ്ങളിലേയും ജലനിരപ്പ് താഴ്ന്നിരിക്കുകയാണ്. ഇതോടെ പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമായി.
നടപടി സ്വീകരിക്കണം
അടിയന്തിരമായി പ്രദേശത്തെ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണുന്നതിന് തൃപ്പൂരം കടവിലെ ചെക്ക് ഡാമിന്റെ ഷട്ടറുകൾ അടക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കാലാമ്പൂർ ടെമ്പിൾ റോഡ് റസിഡന്റസ് അസോസിയേഷൻ ആയവന ഗ്രാമ പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു. പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കിൽ പ്രത്യക്ഷ സമര പരിപാടികൾ ആരംഭിക്കുമെന്ന് അസോസിയേഷൻ പ്രസിഡന്റ് ജി. നിർമൽകുമാർ അറിയിച്ചു.
പ്രശ്നം പരിഹരിക്കും
ചെക്ക് ഡാമിലുണ്ടായിരുന്ന ഷട്ടറിന്റ പലകകൾ കഴിഞ്ഞ പ്രളയ ദുരന്തത്തിൽ നഷ്ടപ്പെട്ടിരുന്നു. അടിയന്തരമായി ഷട്ടർ നവീകരിച്ചതിനുശേഷം പലകകൾ ഇട്ട് ഷട്ടറടച്ച് തൃപ്പൂരം കടവിൽ വെള്ളം തടഞ്ഞു നിർത്തി ജനങ്ങളുടെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതോടൊപ്പം കൃഷിയാവശ്യത്തിനും ഉപയോഗിക്കുന്നതിന് ആവശ്യമായ നടപടി കെെക്കൊള്ളും.
ദീപ ജിജിമോൻ
ആയവന പഞ്ചായത്ത് മെമ്പർ