മൂവാറ്റുപുഴ: കാർഷിക കടങ്ങൾ തിരിച്ചടക്കാത്തതിന്റെ പേരിലുള്ള ജപ്തി നടപടികൾ നിർത്തിവയ്ക്കുന്നത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് സർക്കാർ ബോധപൂർവമായ വീഴ്ച്ച വരുത്തിയെന്ന് യു.ഡി.എഫ്. ഇടുക്കി പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥി അഡ്വ. ഡീൻ കുര്യാക്കോസ് കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരെ ഇത് നീട്ടിക്കൊണ്ട് പോവുകയായിരുന്നു. ഇത് തികഞ്ഞ അനാസ്ഥയാണ്.യു.ഡി.എഫ്. മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച നേതൃസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനം യു.ഡി.എഫ് സംസ്ഥാന സെക്രട്ടറി ജോണി നെല്ലൂർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ കെ.എം. സലിം അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി ജയ്സൺ ജോസഫ്, മുൻ ഡി.സി.സി പ്രസിഡന്റ് റോയി കെ.പൗലോസ്, യു.ഡി.എഫ് ഇടുക്കി ജില്ലാ ചെയർമാൻ എം.എസ്. അശോകൻ, മാത്യു കുഴൽനാടൻ, കെ.എം. അബ്ദുൾ മജീദ്, ജോയി മാളിയേക്കൽ, പി.പി. എൽദോസ് ,പായിപ്ര കൃഷ്ണൻ തുടങ്ങിയർ പ്രസംഗിച്ചു.