കൊച്ചി: മുന്നാക്ക സമുദായങ്ങളിലെ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് ഇക്കൊല്ലം വേണ്ടെന്ന് വച്ച സ്കോളർഷിപ്പ് കേരളകൗമുദി വാർത്തയെ തുടർന്ന് സംസ്ഥാന സർക്കാർ അനുവദിച്ചു. ഇന്നലെ രാവിലെ മുന്നാക്ക സമുദായ ക്ഷേമ കോർപറേഷൻ എം.ഡി ഡോ. കെ. അമ്പാടിയെ ധനമന്ത്രി ടി.എം. തോമസ് ഐസക് വിളിച്ചുവരുത്തി ചർച്ച നടത്തി തുക അനുവദിക്കുകയായിരുന്നു. അഞ്ചുകോടി രൂപ ഇന്നലെത്തന്നെ അനുവദിച്ച് ട്രഷറി അക്കൗണ്ടിലേക്ക് മാറ്റി. ബാക്കി തുക ഗുണഭോക്താക്കളുടെ പട്ടിക കൈമാറുന്ന മുറയ്ക്ക് നൽകും. ഈ സ്കോളർഷിപ്പ് ഫണ്ടിനെ ട്രഷറി നിയന്ത്രണങ്ങളിൽ നിന്നൊഴിവാക്കിയിട്ടുമുണ്ട്. മൂന്നുനാലു ദിവസംകൊണ്ട് തന്നെ മുഴുവൻ തുകയും ലഭ്യമാകുമെന്നാണ് സൂചന.
ട്രഷറിയിലെ മുന്നാക്ക ക്ഷേമ കോർപറേഷന്റെ അക്കൗണ്ടിൽ നിന്ന് ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നേരിട്ടാണ് തുക കൈമാറുക. പ്ളസ് ടു മുതൽ പ്രൊഫഷണൽ കോഴ്സുകൾക്ക് വരെ പഠിക്കുന്ന 24,000 പേർ ഈ പട്ടികയിലുണ്ട്.
13.6 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച പദ്ധതി സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നിരസിച്ച് പൊതുഭരണവകുപ്പ് മാർച്ച് 16ന് ഉത്തരവാകുകയായിരുന്നു. സാമ്പത്തികവർഷം അവസാനിക്കാൻ ദിവസങ്ങൾ ശേഷിക്കേയുള്ള ഈ നടപടി ഫണ്ട് ലാപ്സാക്കുമെന്ന ഘട്ടം വരെ എത്തുകയും ചെയ്തു.
17 കോടി രൂപ ഇക്കൊല്ലം മുന്നാക്ക സ്കോളർഷിപ്പിനായി സംസ്ഥാന ബഡ്ജറ്റിൽ നീക്കിവച്ചിരുന്നെങ്കിലും 13.6 കോടിക്ക് മാത്രമാണ് കഴിഞ്ഞ ജൂണിൽ ധനകാര്യവകുപ്പ് അനുമതി നൽകിയത്. ഇതിനാൽ കാൽ ലക്ഷത്തോളം ഹൈസ്കൂൾ വിദ്യാർത്ഥികളെ സ്കോളർഷിപ്പിൽ നിന്ന് ഒഴിവാക്കിയാണ് ഗുണഭോക്തൃലിസ്റ്റ് തയ്യാറാക്കിയത്.