പെരുമ്പാവൂർ: നഗരഹൃദയത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഇന്നസെന്റിന്റെ ആവേശകരമായറോഡ് ഷോ. വൈകിട്ട് അഞ്ച് മണിക്ക് താലൂക്കാശുപത്രി കവലയിൽ നിന്നാരംഭിച്ച ഷോ യാത്രിനിവാസിൽ സമാപിച്ചു. സ്ത്രീകളടക്കം നൂറു കണക്കിന് പ്രവർത്തകർ പ്ലക്കാർഡുകളും പാർട്ടി പതാക കളും ഏന്തി അണിനിരന്നു. തുറന്ന വാഹനത്തിൽ വോട്ടർമാരെ അഭിവാദ്യം ചെയ്തു. പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ നഗരവീഥികളിൽ കാത്തുനിന്ന സ്ത്രീകളടക്കമുള്ളവർ സ്ഥാനാർത്ഥിയെ വരവേറ്റു. റോഡിനിരുവശത്തു നിന്നും കൈ വീശി അഭിവാദ്യം അർപ്പിച്ചു. വ്യാപാരികൾ പൂച്ചെണ്ടുകൾ നൽകിയും പൂത്തിരി കത്തിച്ചും വരവേറ്റു. യാത്രിനിവാസിൽ നടന്ന സമാപന യോഗത്തിൽ ഇന്നസെന്റ് എം.പി സംസാരിച്ചു. ചാലക്കുടി മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ ചുരുങ്ങിയ വാക്കുകളിൽ സ്ഥാനാർത്ഥി വിശദീകരിച്ചു. വൈകിട്ടോടെ മണ്ഡലത്തിലെത്തിയ സ്ഥാനാർത്ഥി പുല്ലുവഴി സെന്റ് ജോസഫ്‌സ് ചർച്ചിൽ സന്ദർശനം നടത്തി. വികാരി ജോസഫ് പാറപ്പുറം, ജോയ് വെള്ളാഞ്ഞിയിൽ എന്നിവർ ചേർന്ന് സ്വീകരിച്ചു. എൽ.ഡി.എഫ് കൊമ്പനാട് മേഖലാ സമ്മേളനത്തിലും പങ്കെടുത്തതിനു ശേഷമാണ് നഗരത്തിലെ റോഡ് ഷോയിൽ പങ്കെടുക്കാൻ ഇന്നസെന്റ് എത്തിച്ചേർന്നത്. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം അഡ്വ. എൻ.സി. മോഹനൻ, മണ്ഡലം സെക്രട്ടറി പി.എം. സലിം, സി.വി. ശശി, വി.പി. ശശീന്ദ്രൻ, പി.കെ. സോമൻ, കെ.പി. റെജിമോൻ, വർഗീസ് മൂലൻ, പോൾ വർഗീസ്, എം.ഐ. ബീരാസ്, സതി ജയകൃഷ്ണൻ, കെ.എ. ജയൻ, ടി.പി. അബ്ദുൾ അസീസ്, എ.സി. പാപ്പു കുഞ്ഞ് തുടങ്ങിയവർനേതൃത്വം നൽകി.