കൊച്ചി: പിന്നാക്ക വിഭാഗങ്ങളിലെ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകാൻ 26.97 കോടക രൂപ അനുവദിച്ച് സർക്കാർ ഉത്തരവായി. രണ്ട് ലക്ഷത്തോളം കുട്ടികൾക്ക് സഹായകമാകുന്ന ഈ സ്കോളർഷിപ്പ് ഇക്കൊല്ലം മുടങ്ങാൻ ഇടയുണ്ടെന്ന കേരളകൗമുദി റിപ്പോർട്ടിനെ തുടർന്ന് ധനകാര്യ വകുപ്പ് അടിയന്തരമായി ഇടപെടുകയായിരുന്നു. ശനിയാഴ്ച തന്നെ ധനകാര്യ വകുപ്പും പൊതുഭരണ വകുപ്പും ഫയലിന് അംഗീകാരം നൽകിയിരുന്നു. ഇന്നലെയാണ് സെക്രട്ടേറിയറ്റിലെ പിന്നാക്ക വിഭാഗ വികസനവകുപ്പിൽ നിന്ന് ഉത്തരവിറങ്ങിയത്.
കേന്ദ്രപങ്കാളിത്തമുള്ളതാണ് ഈ പ്രീമെട്രിക് സ്കോളർഷിപ്പ് പദ്ധതി. ഒന്നു മുതൽ പത്ത് വരെയുള്ള കുട്ടികൾക്കാണ് അർഹത. കേന്ദ്രവിഹിതമായ 4,53,75000 രൂപ കഴിഞ്ഞ ഏപ്രിലിൽ തന്നെ ലഭിച്ചെങ്കിലും സംസ്ഥാന നൽകാറുള്ള 25 കോടി അനുവദിച്ചിരുന്നില്ല. ഇക്കുറി 22.44 കോടിയാണ് സംസ്ഥാനം നൽകിയത്. ഈ കുറവു മൂലം 1,79,850 പേർക്കാണ് 1500 രൂപ വീതം സ്കോളർഷിപ്പ് ലഭിക്കുക.
80%ലേറെ മാർക്കുള്ള കുട്ടികളിൽ നിന്നാണ് അപേക്ഷ ക്ഷണിച്ച് ഗുണഭോക്താക്കളെ തിരഞ്ഞെടുത്തത്. ഈ പട്ടികയിലെ മാർക്ക് കുറഞ്ഞവർക്കാണ് സ്കോളർഷിപ്പ് നഷ്ടമാവുക. മൂന്നു നാലു ദിവസങ്ങൾക്കുള്ളിൽ തന്നെ തുക കുട്ടികളുടെ അക്കൗണ്ടിലെത്തും.