ആലുവ: വേനൽച്ചൂട് കനത്തതോടെ ആലുവ മേഖലയിൽ കുടിവെള്ള ക്ഷാമം രൂക്ഷമായി. കിണറുകളെല്ലാം വറ്റിവരണ്ടു തുടങ്ങി. കീഴ്മാട്, എടത്തല പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശങ്ങളിലും കുടിവെള്ളക്ഷാമം നേരിടുകയാണ്. ഉയർന്ന പ്രദേശങ്ങളിലാണ് ജലക്ഷാമം കൂടുതലായി വലക്കുന്നത്.
കീഴ്മാട് പഞ്ചായത്തിൽ കീരംകുന്ന്, കുന്നുംപുറം, കോതേലിപറമ്പ് ,മോസ്‌കോ, അമ്പലപ്പറമ്പ് തുടങ്ങിയ പ്രദേശങ്ങളിലാണ് ജലക്ഷാമം രൂക്ഷമായിട്ടുള്ളത്. കുന്നുംപ്രദേശങ്ങളിലെല്ലാം കിണറുകളിൽ വെള്ളമില്ല. വാട്ടർ അതോറിട്ടിയുടെ കുടിവെള്ളം മാത്രമാണ് ആശ്രയം. പൈപ്പ് കണക്ഷൻ ഇല്ലാത്തവർ കൂടുതൽ ദുരിതത്തിലാണ്. വാട്ടർ അതോറിട്ടിയുടെ വെള്ളം കൃത്യമായി ലഭിക്കാത്ത സാഹചര്യമാണുള്ളത്.
പഴക്കം ചെന്ന പൈപ്പുകൾ
പ്രശ്നം രൂക്ഷമാക്കുന്നു
കാലപ്പഴക്കം ചെന്ന ജലവിതരണ പൈപ്പുകളാണ് പ്രതിസന്ധിക്ക് പ്രധാനകാരണം. കീഴ്മാട് നിലവിൽ ഒന്നിടവിട്ട ദിവസങ്ങളിലാണ് ജലവിതരണമുള്ളത്. കുന്നിൻ പ്രദേശങ്ങളിൽ പൈപ്പിലൂടെയുള്ള ജലവിതരണത്തിന്റെ മർദ്ദം കുറവായതിനാൽ വളരെ കുറച്ച് മാത്രമാണ് വരുന്നത്. എല്ലാ ദിവസവും ജലവിതരണം ഇല്ലാത്തതിനാൽ വെള്ളമില്ലാത്ത ദിവസങ്ങളിലേക്കായി ജലം വിവിധ പാത്രങ്ങളിൽ ശേഖരിച്ച് വെക്കേണ്ട ഗതികേടിലാണ് പ്രദേശവാസികൾ.
പൈപ്പ് വഴി കുറഞ്ഞ അളവിൽ മാത്രം ലഭിക്കുന്നതിനാൽ ഒരു ദിവസത്തേക്ക് പോലും തികയാതെ വരുന്നുമുണ്ട്. ആലുവ മേഖലയിലെ ജലവിതരണ പൈപ്പുകൾക്ക് അറുപത് വർഷത്തിലധികം പഴക്കമുണ്ട്. കീഴ്മാട് പഞ്ചായത്ത് പ്രദേശങ്ങളിലേക്കുള്ള ജലവിതരണത്തിനും പ്രധാന പ്രതിസന്ധി പൈപ്പുകളുടെ കാലപ്പഴക്കമാണ്. അതുകൊണ്ടുതന്നെയാണ് ജലവിതരണം മർദ്ദം കുറച്ച് നടത്തുന്നത്. അപ്പോഴാകട്ടെ നൂലുപോലെയാണ് ഉയർന്ന പ്രദേശങ്ങളിൽ ജലമെത്തുന്നത്. തുമ്പിച്ചാൽ വട്ടച്ചാൽ പോലുള്ള ഏക്കർ കണക്കിനുളള ജല സംഭരണികൾ ഈ പ്രദേശങ്ങളിൽ ഉണ്ടെങ്കിലും ഇവയെല്ലാം നശിച്ച് കൊണ്ടിരിക്കുന്നതും കിണറുകളിലെ ജല സമ്പത്ത് കുറയുന്നതിന് കാരണമാകുന്നുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു. നാലര ഏക്കറോളം വരുന്ന വട്ടച്ചാൽ നേരത്തെ നിറയെ വെള്ളമുണ്ടായിരുന്ന ജലസംഭരണിയായിരുന്നു. എന്നാൽ ഇന്ന് വെള്ളമില്ലാത്ത അവസ്ഥയിലാണ്.
കുട്ടമശേരി ജലസേചന കനാലിലൂടെ വെള്ളം പമ്പ് ചെയ്യുന്നതിനാൽ കുണ്ടോപാടത്തും സമീപമുള്ള പ്രശേങ്ങളിലെ ജനങ്ങൾക്ക് വെള്ളം ലഭിക്കുന്നുണ്ട്. അമ്പലപറമ്പിലും, സമീപ പ്രദേശങ്ങളിലേയും കൂടി വെള്ളക്ഷാമം പരിഹരിക്കുന്നതിന് വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച ചിറപുറം ഇറിഗേഷൻ പദ്ധതിക്ക് ചില അപാകതകൾ ഉണ്ടായിരുന്നു. ഇതുകാരണം പല സ്ഥലങ്ങളിലും വെള്ളം എത്തിയിരുന്നില്ല. ഇപ്പോൾ ജില്ല പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ചിറപ്പുറം ഇറിഗേഷൻ പദ്ധതിയുടെ അപാകതകൾ പരിഹരിക്കുന്നതിനുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.