കൊച്ചി: മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പിന് കൂടുതൽ സേനയെ ആവശ്യപ്പെടുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 149 കമ്പനി സേനയെ സംസ്ഥാനത്തുടനീളം വിന്യസിക്കും. മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്ന ജില്ലകളായ പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, വയനാട് എന്നീ ജില്ലകളിൽ കൂടുതൽ സേനയെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇക്കുറി വോട്ടിംഗ് 90 ശതമാനത്തിലെത്തിക്കുവാനാണ് ലക്ഷ്യമിടുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകൾ ബോദ്ധ്യപ്പെട്ടാൽ പൊതുജനങ്ങൾക്ക് തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കാം. ഇതിനുള്ള മൊബൈൽ ആപ്ലിക്കേഷൻ ലഭ്യമാണ്. കോളേജുകളിൽ വോട്ട് പിടിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കാലാകാലങ്ങളായി ഈ സമ്പ്രദായം നിലനിൽക്കുന്നതായി ചൂണ്ടിക്കാണിച്ചപ്പോൾ കൂടുതൽ പരിശോധനകൾക്ക് ശേഷം ഇക്കാര്യത്തിൽ നടപടിയെന്നായിരുന്നു പ്രതികരണം.
വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി. ജയരാജനെ അപകീത്തിപ്പെടുത്തിയെന്ന പരാതിയിൽ പൊലീസിന്റെ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരത്തെ സ്ഥാനാർഥി ശശി തരൂർ 'ഞാൻ ഹിന്ദു' എന്ന പുസ്തകം എഴുതിയത് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുമ്പാണ്. എന്നാൽ അക്കാര്യവും പരിശോധിച്ച് തീരുമാനിക്കും.
പോളിംഗ് ബൂത്തിൽ നേരിട്ടത്തി വോട്ട് രേഖപ്പെടുത്തുവാൻ സാധിക്കാത്തവരെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ വാഹനസൗകര്യം ഏർപ്പെടുത്തി പോളിംഗ് സ്റ്റേഷനുകളിലെത്തിക്കും. വോട്ടിംഗിന് ശേഷം സുരക്ഷിതരായി അവരെ തിരികെ വീടുകളിലെത്തിക്കും. എല്ലാ ബൂത്തുകളിലും വീൽചെയർ ഉണ്ടായിരിക്കും.അന്ധർക്ക് വോട്ടു ചെയ്യുന്നതിന് പ്രത്യേക സൗകര്യങ്ങളുണ്ടാകും.
കേസില്ലെങ്കിലും കോളം പൂരിപ്പിക്കണം
സ്ഥാനാർത്ഥി നിലവിൽ എത്ര കേസിൽ പ്രതിയാണെന്ന കാര്യം നാമനിർദേശപത്രിക നൽകുമ്പോൾ രേഖപ്പെടുത്തണം.ഇല്ല എന്നാണെങ്കിൽ അക്കാര്യവും രേഖപ്പെടുത്തണം. അല്ലെങ്കിൽ ജനപ്രതിനിധിയായിക്കഴിഞ്ഞ് കേസുവന്നാൽ തിരഞ്ഞെടുപ്പ് അസാധുവാകും.