കൊച്ചി: കർദ്ദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെയുള്ള വ്യാജരേഖകൾ ജനുവരി ഏഴിലെ സിനഡിൽ ചർച്ചയായത് കർദ്ദിനാളിനെ അപമാനിക്കാനാണെന്ന പരാതിയിൽ സീറോ മലബാർ സഭയുടെ ഭരണപരമായ ചുമതലയുള്ള അപ്പോസ്‌തലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ജേക്കബ് മനത്തോടത്തിനെതിരെ പൊലീസ് കേസെടുത്തതോടെ വിവാദങ്ങൾ വീണ്ടും ശക്തമായി. ആലഞ്ചേരിക്കെതിരെ വ്യാജരേഖകൾ ചമച്ചെന്ന പരാതിയിൽ സഭയുടെ മുൻ പി.ആർ.ഒയും ഇംഗ്ളീഷ് സത്യദീപം ചീഫ് എഡിറ്ററുമായ ഫാ. പോൾ തേലക്കാട്ടിനെ ഒന്നാം പ്രതിയാക്കി നേരത്തേ തൃക്കാക്കര പൊലീസ് കേസെടുത്തതിനു പിന്നാലെയാണിത്. സീറോ മലബാർ സഭയിലെ സ്ഥലമിടപാടുകൾ വിവാദമായ സാഹചര്യത്തിലാണ് മാർപാപ്പയുടെ ഉത്തരവ് പ്രകാരം ജോർജ് ആലഞ്ചേരിയിൽ നിന്ന് ഭരണപരമായ ചുമതലകൾ മനത്തോടം ഏറ്റെടുത്തത്.
സഭയുടെ ഐ.ടി മിഷൻ ഡയറക്‌ടർ ഫാ. ജോബി മാപ്രാകാവിലിന്റേതാണ് രണ്ട് പരാതിയും. രണ്ടാമത്തെ പരാതിയിൽ മുൻ പി.ആർ.ഒയും ഇംഗ്ളീഷ് സത്യദീപം ചീഫ് എഡിറ്ററുമായ ഫാ. പോൾ തേലക്കാട്ടിനെ ഒന്നാം പ്രതിയാക്കിയതിനൊപ്പം മനത്തോടത്തെ രണ്ടാം പ്രതിയുമാക്കി. ഇതാണ് വിവാദം കൂടുതൽ രൂക്ഷമാക്കിയത്.
സഭയിലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കർദ്ദിനാൾ ജോർജ് ആലഞ്ചേരിയുടേതെന്ന് അവകാശപ്പെട്ട ഏതാനും ബാങ്ക് രേഖകൾ പോൾ തേലക്കാടിന് ലഭിക്കുകയും അത് ജേക്കബ് മനത്തോടത്തിന് കൈമാറുകയും ചെയ്തിരുന്നു. ഈ രേഖകൾ സിനഡിന് മുമ്പാകെ സമർപ്പിച്ചപ്പോൾ അത് വ്യാജരേഖയാണെന്ന് കർദ്ദിനാൾ അറിയിച്ചു. ഇതോടെയാണ് സിനഡ് വ്യാജരേഖയുണ്ടാക്കിയവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് തൃക്കാക്കര പൊലീസിൽ പരാതി നൽകിയത്. ഈ കേസിൽ മനത്തോടത്തിനെ പ്രതി ചേർത്തിരുന്നില്ല. പോൾ തേലക്കാട്ടിനെ ഒന്നാം പ്രതിയാക്കി. കൈയിൽകിട്ടിയ രേഖകൾ സഭയ്‌ക്ക് സമർപ്പിച്ചയാളെ പ്രതിയാക്കി കേസെടുത്തത് വിവാദമായിരിക്കെയാണ് പുതിയ കേസുകൂടി വന്നത്.
വ്യാജരേഖകൾ സിനഡിൽ ചർച്ചയായത് കർദ്ദിനാളിനെ അപമാനിക്കാനാണെന്ന് കാട്ടി സെൻട്രൽ പൊലീസ് സ്‌റ്റേഷനിലാണ് ഫാ. ജോബി മാപ്രാകാവിൽ പരാതി നൽകിയത്. ചർച്ചയ്ക്കും വ്യാജരേഖ ചമയ്ക്കലിനും നേതൃത്വം നൽകിയ ബിഷപ്പ് ജേക്കബ് മനത്തോടം, പോൾ തേലക്കാട്ട് എന്നിവർക്കെതിര കേസെടുക്കണമെന്നായിരുന്നു ആവശ്യം. ഈ കേസിലാണ് ബിഷപ്പ് മനത്തോടത്തെ രണ്ടാം പ്രതിയും പോൾ തേലക്കാട്ടിനെ ഒന്നാം പ്രതിയുമാക്കിയത്.
കെെയിൽ കിട്ടിയ രേഖകൾ പുറത്തുപോകാതെ സിനഡിൽ സമർപ്പിച്ച പോൾ തേലക്കാട്ടിനെതിരെ കേസെടുത്തതിനെ ചോദ്യംചെയ്ത് വൈദികർ നേരത്തേ രംഗത്തെത്തിയിരുന്നു.
ഭൂമിയിടപാടുമായി ബന്ധപ്പെട്ട അന്വേഷണം അവസാനഘട്ടത്തിലെത്തി നിൽക്കേ കുടുങ്ങുമെന്ന് ഉറപ്പായപ്പോൾ ബിഷപ്പ് മനത്തോടത്തിനും പോൾ തേലക്കാട്ടിനുമെതിരെ പരാതി നൽകിയ ജോബി മാപ്രാകാവിലിനെ സഭയുടെ ഐ.ടി മിഷൻ ഡയറക്‌ടർ സ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് അതിരൂപത സുതാര്യതാസമിതി ആവശ്യപ്പെട്ടു. വരും ദിവസങ്ങളിൽ സീറോ മലബാർ സഭയിൽ കൂടുതൽ വിവാദങ്ങൾക്ക് ഇത് ഇടയാക്കും.