highcourt

കൊച്ചി : കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിലെ (കെ.എം.എം.എൽ) എക്സിക്യൂട്ടീവ് ട്രെയിനി (കെമിക്കൽ) തസ്തികയിലേക്കുള്ള ഇന്റർവ്യൂവിന് നിയമ വിരുദ്ധമായി കൂടുതൽ മാർക്ക് നിശ്ചയിച്ച് നിയമനങ്ങൾ നടത്തിയതിനെതിരെയുള്ള ഹർജിയിൽ കമ്പനി മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചു. ഉദ്യോഗാർത്ഥിയായിരുന്ന എസ്. ഷമീർ നൽകിയ ഹർജിയാണ് ഡിവിഷൻബെഞ്ച് പരിഗണിച്ചത്.

മൂന്നു മാസത്തിനകം തുക നൽകണമെന്നും അല്ലാത്തപക്ഷം കോടതിയലക്ഷ്യ നടപടി നേരിടേണ്ടി വരുമെന്നും വിധിയിൽ പറയുന്നു. നിയമനം ലഭിച്ചവരെയെല്ലാം കേസിൽ കക്ഷിയാക്കിയിട്ടില്ലാത്തതിനാൽ നിയമനം റദ്ദാക്കണമെന്ന ഹർജിക്കാരന്റെ ആവശ്യം അനുവദിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ ഹർജിക്കാരൻ ഇതേ ആവശ്യങ്ങൾ ഉന്നയിച്ചു നൽകിയ ഹർജി സിംഗിൾബെഞ്ച് തള്ളിയിരുന്നു. തുടർന്നാണ് അപ്പീൽ നൽകിയത്.

എഴുത്തുപരീക്ഷയിൽ 44.75 മാർക്കോടെ ഏഴാം റാങ്ക് ലഭിച്ച ഹർജിക്കാരനെ പിന്തള്ളി 27.75 മാർക്ക് വാങ്ങിയ 33 -ാം റാങ്കുകാരനെയും 21.25 മാർക്ക് നേടിയ 48 -ാം റാങ്കുകാരനെയും നിയമിച്ചെന്നായിരുന്നു ആക്ഷേപം. ഇന്റർവ്യൂവിൽ ഉയർന്ന മാർക്ക് നൽകിയാണ് ഇവരെ നിയമിച്ചതെന്ന് ഹർജിയിൽ ആരോപിച്ചിരുന്നു. ഹർജിക്കാരന് അഭിമുഖത്തിന് 20 മാർക്ക് ലഭിച്ചപ്പോൾ മറ്റുള്ളവർക്ക് യഥാക്രമം 44, 46 മാർക്കുകൾ ലഭിച്ചു. മുൻവർഷങ്ങളിൽ എഴുത്തുപരീക്ഷയ്ക്ക് 100 മാർക്കും ഇന്റർവ്യൂവിന് 20 മാർക്കുമായിരുന്നെങ്കിൽ ഇത്തവണ എഴുത്തുപരീക്ഷയ്ക്കും അഭിമുഖത്തിനും 50 മാർക്ക് വീതമാണ് നിശ്ചയിച്ചത്. നിയമന നടപടികൾ സ്വേച്ഛാപരമാണെന്നും സുതാര്യമല്ലെന്നും വ്യക്തമാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഹർജിക്കാരൻ പഞ്ചായത്ത് വകുപ്പിൽ ക്ളാർക്കായി ജോലിക്ക് കയറാനിരിക്കുകയാണ്. കെമിക്കൽ എൻജിനിയറിംഗിൽ ഹർജിക്കാരനുള്ള കരിയർ സ്വപ്നങ്ങൾ തകർക്കപ്പെട്ടെന്നു വിലയിരുത്തിയാണ് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചത്.