കൊച്ചി : ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളിലേക്കുള്ള പൂജ, വഴിപാട് സാധനങ്ങൾ ബോർഡ് നേരിട്ട് ശേഖരിച്ച് വിതരണം ചെയ്യണമെന്നും ഇതിനുള്ള സംവിധാനം ബോർഡ് ഉണ്ടാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇതു നടപ്പാക്കാൻ ബോർഡിന് ബുദ്ധിമുട്ടുണ്ടെങ്കിൽ കോടതി ഇടപെടാമെന്നും സർക്കാർ മുഖേനയോ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ മുഖേനയോ സാധനങ്ങൾ ലഭ്യമാക്കാമെന്നും ദേവസ്വം ഡിവിഷൻ ബെഞ്ച് ഇടക്കാല ഉത്തരവിൽ അഭിപ്രായപ്പെട്ടു.

പൂജാ സാധനങ്ങളുടെ ഗുണനിലവാരക്കുറവും അമിതവിലയും ചൂണ്ടിക്കാട്ടിയുള്ള പരാതി പരിഗണിച്ച് ദേവസ്വം ഒാംബുഡ്‌സ്മാൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഡിവിഷൻബെഞ്ച് ഇൗ നിർദേശം നൽകിയത്. ക്ഷേത്രങ്ങളിലേക്കുള്ള പൂജാ സാധനങ്ങൾ ദേവസ്വത്തിന്റെ തന്നെ പൂജാ സ്റ്റോറുകൾ മുഖേന നൽകാമെന്ന് 2016 ൽ ബോർഡ് നയ തീരുമാനം എടുത്തിരുന്നു. ഇത് കഴിഞ്ഞ ജനുവരിയിൽ ബോർഡ് റദ്ദാക്കി. ദേവസ്വം ജീവനക്കാർ മുഖേന ശേഖരിക്കുന്ന പൂജാ സാധനങ്ങളാണ് നിലവിൽ ഉപയോഗിച്ചുവരുന്നത്. പൂജാ സ്റ്റോറുകൾ വഴി സാധനങ്ങൾ ലഭ്യമാക്കുന്ന നടപടിയാണ് ഉചിതമെന്ന് വിലയിരുത്തിയ ഹൈക്കോടതി കഴിഞ്ഞ ജനുവരിയിലെ ബോർഡിന്റെ ഉത്തരവ് റദ്ദാക്കി. എന്നാൽ നിലവിലെ സാഹചര്യവും തിരക്കും കണക്കിലെടുത്ത് നടപ്പാക്കാൻ സാവകാശം വേണമെന്ന് ദേവസ്വം ബോർഡിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. തുടർന്ന് നിലവിലെ രീതി ജൂൺ 30 വരെ തുടരാൻ അനുവദിച്ചു. എന്നാൽ പുതിയ നിർദ്ദേശം നടപ്പാക്കാൻ സ്വീകരിച്ച നടപടികൾ വ്യക്തമാക്കി ദേവസ്വം ബോർഡ് റിപ്പോർട്ട് നൽകണമെന്നും ഹൈക്കോടതി വ്യക്തമാക്കി. വിഷയം ഏപ്രിൽ പത്തിന് വീണ്ടും പരിഗണിക്കും.