election
ചിത്രം -തിരുമാറാടിയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്കായി ചുവരെഴുതുന്ന രാജേഷ് ഹരിശ്രീ

കൂത്താട്ടുകുളം:കേരളത്തിലെതിരഞ്ഞെടുപ്പ് രംഗത്ത് വീണ്ടും ചുവരെഴുത്തുകല സജീവമാകുന്നു. ഹൈക്കോടതി നിരോധനം നിലനിൽക്കുന്നതിനാൽ ഫ്ലക്സ് ബോർഡുകളും ബാനറുകളും അടിച്ചു നൽകുന്ന സ്ഥാപനങ്ങളിൽ തിരക്ക് കുറഞ്ഞെങ്കിലും പരമ്പരാഗത ചുവരെഴുത്തു കലാകാരൻമാർക്ക് ഈ തിരഞ്ഞെടുപ്പ് ഏറെ പ്രിയങ്കരമാണ്. ആദ്യം തന്നെ സ്ഥാനാർത്ഥി നിർണയവും പ്രചരണവും തുടങ്ങിയ എൽ ഡി എഫ് തന്നെയാണ് കൂടുതൽ മതിലുകളും ബുക്ക് ചെയ്ത് എഴുത്തും ചിഹ്നം വരയും തുടങ്ങിയത്. ഫ്ലക്സ് പ്രചാരം നേടിയതോടെ കലാകാരൻമാർ പരമ്പരാഗത തൊഴിൽ ഉപേക്ഷിച്ചിരുന്നു. ഉള്ളവർക്കായി ആളുകൾക്യൂവിലാണ്.കൂത്താട്ടുകുളം പിറവം മേഖലകളിൽ വിരലിലെണ്ണാവുന്നവർ മാത്രമേ ഈ രംഗത്തുള്ളുവെന്ന് ഇരുപതു വർഷമായി ഈ രംഗത്തുള്ള രാജേഷ് ഹരിശ്രീ പറഞ്ഞു. സ്ക്വയർ ഫീറ്റിന് പത്തു രൂപക്ക് ഫ്ലക്സ് അടിച്ചു നൽകിയിരുന്ന സ്ഥാപനങ്ങളിൽ പ്ലാസ്റ്റിക് ഒഴിവാക്കിയപ്പോൾ തുണിയിലും, ജൈവ ഫ്ലക്സിലും പ്രിന്റ് എടുക്കാൻ ഇരട്ടി തുക നൽകേണ്ട സാഹചര്യമാണുള്ളത്. ഫ്ലക്സ് അടിച്ചു വെച്ച ബോർഡുകൾ നീക്കാൻ ഉദ്യോഗസ്ഥർ കർശന നിർദേശം നൽകുകയും ചിലതെല്ലാം എടുത്തു നീക്കുകയും ചെയ്തിട്ടുണ്ട്.