കൊച്ചി: ദക്ഷിണേഷ്യയിലെ ആദ്യ ട്രിബ്യുട്ട് പോർട്ട്‌ഫോളിയോ ഹോട്ടൽ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഉയരുന്നു. ട്വന്റി 14 ഹോൾഡിംഗ്‌സാണ് മാരിയറ്റ് ഇന്റർനാഷണലിന്റെ ഭാഗമായി 'പോർട്ട് മുസിരിസ് ' ഹോട്ടൽ തുടങ്ങുന്നത്. ഏപ്രിലിൽ പ്രവർത്തനം ആരംഭിക്കും.
സന്ദർശകർക്ക് വിശിഷ്ടമായ അനുഭവമാണ് ട്വന്റി 14 ഹോൾഡിംഗ്‌സ് സമ്മാനിക്കുകയെന്ന് ട്വന്റി 14 മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ് പറഞ്ഞു. ലോക സഞ്ചാരികൾ തേടിവരുന്ന കേരളത്തിലെ വിനോദ സഞ്ചാര മേഖലയുടെ ഭാഗമാകുന്നതിൽ സന്തോഷമുണ്ട്. ഏറ്റവും മികച്ച സേവനം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വ്യത്യസ്തവും പുതുമ നിറഞ്ഞതുമായ വിനോദ സഞ്ചാര അനുഭവങ്ങൾ തേടുന്ന യാത്രികർക്കുള്ളതാണ് ട്രിബ്യൂട്ട് ഹോട്ടൽ. മികച്ച മാതൃകകളും മനോഹരങ്ങളായ പൊതുയിടങ്ങളും ഭക്ഷണ പാനീയങ്ങളും സേവനങ്ങളും ഒരുക്കും.
ട്വന്റി 14 ഹോൾഡിംഗിന്റെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പോർട്ട് മുസിരിസ് കൊച്ചി സഞ്ചാരികളെ ആകർഷിക്കുമെന്ന് മാരിയറ്റ് ഇന്റർനാഷണൽ ദക്ഷിണേഷ്യ ഏരിയ വൈസ് പ്രസിഡന്റ് നീരജ് ഗോവിൽ പറഞ്ഞു.
55 മുറികൾ, 2 റസ്റ്റോറന്റുകൾ, 150 പേർക്കിണങ്ങിയ ഹാൾ എന്നിവ ഉൾപ്പെടുന്ന പോർട്ട് മുസിരിസ് ട്വന്റി 14 യുടെ ഇന്ത്യയിലെ ആദ്യത്തെ ഹോട്ടലാണ്.
ട്വന്റി 14 ഹോൾഡിംഗ്‌സിന് യു.കെ, മിഡിലീസ്റ്റ്, ഇന്ത്യ എന്നിവിടങ്ങളിൽ 750 ദശലക്ഷം യു.എസ് ഡോളറിന്റെ ആസ്തി ആഡംബര ഹോട്ടൽ രംഗത്തുണ്ട്. സ്‌കോട്ട്‌ലാൻഡിലെ വാൾഡോർഫ് അസ്റ്റോറിയ എഡിൻബർഗ്, മസ്‌കറ്റിലെ ഷെറാട്ടൺ ഒമാൻ, യു.എ.ഇയിലെ സ്റ്റൈഗൻബർഗർ ഹോട്ടൽ ബിസിനസ് ബേ എന്നിവ കമ്പനിയുടെ ഹോട്ടലുകളാണ്. സ്വിറ്റ്‌സർലാൻഡിലെ സൂറിച്ച് വിമാനത്താവളത്തിനടുത്ത് ഇന്റർ സിറ്റി ഹോട്ടൽ നിർമിക്കും. ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസിന്റെ മുൻ ആസ്ഥാനമായ 15 ഗ്രേറ്റ് സ്‌കോട്ട്‌ലാൻഡ് യാർഡിൽ ആഢംബര പഞ്ചനക്ഷത്ര ഹോട്ടൽ തയ്യാറായി വരുകയാണ്.