meno

കൊച്ചി: ഈ വർഷത്തെ പി.ടി. ഭാസ്കരപ്പണിക്കർ സ്മാരക ചിത്രകലാ പുരസ്കാരത്തിന് കലാചിത്രകാരൻ വിജയകുമാർ മേനോൻ അർഹനായി. 10000 രൂപയും ടി.കലാധരൻ രൂപകല്‌പന ചെയ്ത കീർത്തിശില്പവും പ്രശസ്തിപത്രവും ഉൾക്കൊള്ളുന്നതാണ് അവാർഡ്. ചിത്രകലാചരിത്രത്തിൽ ബറോഡ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള മേനോൻ ഇംഗ്ളീഷിലും മലയാളത്തിലും നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. എറണാകുളം എളമക്കര സ്വദേശിയാണ്. തൃശൂർ വടക്കാഞ്ചേരിയിലെ വ്യാസതപോവനത്തിലാണ് താമസം.

ശാസ്‌ത്രയും പി.ടി.ബി സ്മാരക ട്രസ്റ്റും സംയുക്തമായാണ് പുരസ്കാരം നൽകുന്നതെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ടി. കലാധരൻ , വി.ആർ.വി ഏഴോം, ഡോ.ടി.പി. ശങ്കരൻകുട്ടി നായർ എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. 29 ന് വൈകിട്ട് അഞ്ചിന് എറണാകുളം ബി.ടി.എച്ചിൽ നടക്കുന്ന ചടങ്ങിൽ പുസ്കാരം സമ്മാനിക്കും. ജസ്റ്റിസ് കെ.സുകുമാരൻ കലാസംഗമം ഉദ്‌ഘാടനം ചെയ്യും. പ്രൊഫ. എം.കെ. സാനു പുരസ്കാരം സമർപ്പിക്കും.

ടി.കലാധരൻ, പി.ടി.ബി സ്മാരക ട്രസ്റ്റ് ജനറൽ സെക്രട്ടറി ഡോ.ടി.പി. ശങ്കരൻകുട്ടി നായർ , ശാസ്‌ത്ര ജില്ല കോ ഓഡിനേറ്റർ പി.ആർ. സുരേഷ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.