കൊച്ചി: മുന്നണി രൂപീകരിക്കില്ല, പ്രകടനപത്രികയും പുറത്തിറക്കില്ല. യോജിപ്പുള്ളവർക്ക് സഹകരിക്കാം, വോട്ടു ചെയ്യാം. പാഴ്‌വാഗ്ദാനങ്ങൾ നൽകില്ല, പ്രവർത്തിച്ചു കാണിക്കും. ചാലക്കുടി പാർലമെന്റ് മണ്ഡലത്തിൽ ഡി.ജി.പി ജേക്കബ് തോമസിനെ മത്സരിപ്പിക്കാൻ ഒരുങ്ങുന്ന കിഴക്കമ്പലം ട്വന്റി 20 യുടെ ഉറപ്പിങ്ങനെ.
ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിൽപ്പെട്ട കുന്നത്തുനാട് നിയമസഭാ മണ്ഡലത്തിലാണ് കിഴക്കമ്പലം ഗ്രാമ പഞ്ചായത്ത്. രണ്ടാഴ്ച മുമ്പ് ചേർന്ന കൺവെൻഷനിലാണ് മത്സരിക്കണമെന്ന ആവശ്യം ഉയർന്നതെന്ന് ട്വന്റി 20 യുടെ കൺവീനറും അന്ന കിറ്റെക്സ് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സാബു എം. ജേക്കബ് 'കേരളകൗമുദി'യോട് പറഞ്ഞു. ട്വന്റി 20 യുടെ ആശയങ്ങളോട് യോജിപ്പുള്ളവരുടെ പാനൽ തയ്യാറാക്കി. വികസനം സംബന്ധിച്ച് വ്യത്യസ്തവും പ്രായോഗികവുമായ ആശയമുള്ളവരാകണം എന്നതായിരുന്നു പ്രധാന മാനദണ്ഡം. വ്യവസായിയും വി ഗാർഡ് ഗ്രൂപ്പ് ചെയർമാനുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയും ജേക്കബ് തോമസും ഉൾപ്പെടെ ആറു പ്രമുഖർ പാനലിലുണ്ടായിരുന്നു. മത്സരിക്കാൻ ജേക്കബ് തോമസ് സന്നദ്ധത അറിയിച്ചു.
പ്രഖ്യാപനം ഞായറാഴ്ച
മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസിന് മത്സരിക്കണമെങ്കിൽ സർവീസിൽ നിന്ന് രാജിവയ്ക്കണം. കേന്ദ്ര സർക്കാർ രാജി അംഗീകരിച്ച് റിലീവിംഗ് ലെറ്റർ നൽകിയാലേ നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ കഴിയൂ. അതിനുള്ള നടപടികൾ ആരംഭിച്ചു. ഞായറാഴ്ച സ്ഥാനാർത്ഥിത്വം ഒൗദ്യോഗികമായി പ്രഖ്യാപിക്കും.
ട്വന്റി 20
എറണാകുളം ജില്ലയിലെ കിഴക്കമ്പലത്ത് 2013 ൽ സന്നദ്ധ സംഘടനയായി രൂപം കൊണ്ടു. അന്ന കിറ്റെക്സ് ഗ്രൂപ്പിന്റെ സാമൂഹ്യപ്രതിബദ്ധതാ പദ്ധതികൾ നടപ്പാക്കി തുടക്കം. 2015 ലെ തിരഞ്ഞെടുപ്പിൽ കിഴക്കമ്പലം ഗ്രാമ പഞ്ചായത്തിൽ മത്സരിച്ചു. 19 ൽ 17 സീറ്റും സ്വന്തമാക്കി. രണ്ടു ബ്ളോക്ക് പഞ്ചായത്ത് സീറ്റുകളിലും വിജയിച്ചിരുന്നു. 69 ശതമാനം വോട്ട് പിടിച്ചു. അന്ന കിറ്റെക്സ് ഗ്രൂപ്പിന്റെ സാമൂഹ്യപ്രതിബദ്ധതാ ഫണ്ട് ഉപയോഗിച്ച് നിരവധി വികസന പദ്ധതികൾ. 2016-2017 ൽ 6,09,41,516 രൂപയാണ് ട്വന്റി 20 ചെലവഴിച്ചത്.