കൊച്ചി : മാതാപിതാക്കളുടെ പരിചരണം ലഭിക്കാത്തതാണ് കുട്ടികൾ ഒാൺലൈൻ ഗെയിമുകൾക്ക് അടിമകളാകാൻ ഒരു കാരണമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഒാൺലൈൻ ഗെയിമുകൾക്ക് അടിമയായതു മൂലം ക്ളാസിൽ ഹാജർ കുറഞ്ഞ വിദ്യാർത്ഥിയെ പരീക്ഷയെഴുതിക്കില്ലെന്ന സി.ബി.എസ്.ഇ നിലപാട് തിരുത്തി കുട്ടിയെ പരീക്ഷ എഴുതിക്കാൻ നിർദ്ദേശിച്ചാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്. ഹാജരില്ലാത്തതിനാൽ പ്ളസ് ടു പരീക്ഷ എഴുതാൻ അനുവദിക്കാത്തതിനെതിരെ തൃശൂർ പുറനാട്ടുകര സ്വദേശിയായ വിദ്യാർത്ഥി നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.
പത്താം ക്ളാസിൽ ഉയർന്ന മാർക്ക് നേടിയ മിടുക്കനായ കുട്ടിയാണ് ഹർജിക്കാരൻ. പ്ളസ് ടുവിന് ചേർന്നെങ്കിലും ഒാൺലൈൻ ഗെയിമുകൾക്ക് അടിമയായതോടെ ക്ളാസിൽ പോകാത്ത സ്ഥിതിയായി. മാതാപിതാക്കൾ ഭഗീരഥ പ്രയത്നത്തിനൊടുവിൽ കുട്ടിയെ ഒാൺലൈൻ ഗെയിമുകളുടെ പിടിയിൽ നിന്ന് മോചിപ്പിച്ചു. ഹർജിക്കാരന് ശാരീരിക, മാനസിക പ്രശ്നങ്ങളില്ലെന്ന് മനഃശാസ്ത്രജ്ഞൻ റിപ്പോർട്ടും നൽകി. മതിയായ ഹാജരില്ലെങ്കിലും പ്രത്യേക കേസായി പരിഗണിച്ച് കുട്ടിയെ പരീക്ഷയെഴുതിക്കാമെന്ന് സ്കൂൾ അധികൃതർ അറിയിച്ചെങ്കിലും ചട്ടപ്രകാരം ഇതനുവദിക്കാനാവില്ലെന്ന് സി.ബി.എസ്.ഇ വ്യക്തമാക്കി. ചട്ടങ്ങളെക്കാൾ കുട്ടിയുടെ താല്പര്യമാണ് കോടതിക്ക് പ്രധാനമെന്ന് വിലയിരുത്തിയ ഹൈക്കോടതി വിദ്യാർത്ഥിക്ക് പരീക്ഷയെഴുതാൻ അനുമതി നൽകി. ഹർജിക്കാരന്റെ കേസിൽ മാതാപിതാക്കൾക്ക് തെറ്റ് മനസിലായിട്ടുണ്ടാവുമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.