മൂവാറ്റുപുഴ: വോട്ട് ചെയ്യാൻ സരസ്വതികുഞ്ഞമ്മയ്ക്ക് പ്രായം ഒരു പ്രശ്നമല്ല. . പായിപ്ര വടക്കുംഞ്ചേരി അകത്തൂട്ട് പരേതനായ ജി. പി .കർത്തായുടെ ഭാര്യ 97കാരിയായ സരസ്വതികുഞ്ഞമ്മക്ക്തിരഞ്ഞെടുപ്പ് എന്നും ഹരമാണ്. തന്റെ 21 -ാം വയസിൽ ആദ്യ വോട്ട് പായിപ്ര ഗവണ്മെന്റ് യു. പി സ്ക്കൂളിൽ രേഖപ്പെടുത്തി.അന്നത്തെ സ്ഥാനാർത്ഥികളും, ചിഹ്നങ്ങളും ഓർത്തെടുക്കാൻ കഴിയുന്നില്ല. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാനാർത്ഥിയായി പായിപ്ര ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡിൽ നിന്ന് ജയിച്ച ഭർത്താവ് ജി. പി. കർത്താ 10 വർഷക്കാലം പഞ്ചായത്ത് മെമ്പറായി തുടർന്നു. ഇൗ കാലയളവിൽ വീട് ജനസേവന കേന്ദ്രമായി മാറി. സരസ്വതികുഞ്ഞമ്മ പാചകം ചെയ്ത ഭക്ഷണത്തിന്റെ രുചി അറിയാത്തവർ നാട്ടിൽ വിരളമാണ് . 2002 -ൽ ഭർത്താവിന്റെ മരണശേഷം വീട്ടിൽ ഒതുങ്ങിയെങ്കിലും സമ്മതിദാന അവകാശം മുടങ്ങാതെ കൃത്യമായി വിനിയോഗിക്കാറുണ്ടെന്ന് മകൾ ശാന്ത പറഞ്ഞു . ആർക്ക് വോട്ടുചെയ്യുമെന്ന ചോദ്യത്തിന് പുഞ്ചിരിയായിരുന്നു മറുപടി. അഞ്ചാം ക്ലാസ് വിദ്യാഭ്യാസമുള്ള കുഞ്ഞമ്മ ദിനപത്രങ്ങളടക്കമുള്ള പ്രസിദ്ധീകരണങ്ങൾ കൃത്യമായി വായിക്കും. എഴുത്തിനോടും താൽപ്പര്യമുണ്ട് . വടക്കുഞ്ചേരി അകത്തൂട്ട് കുടുംബത്തിന്റെ ചരിത്രം തയ്യാറാക്കുന്ന തിരക്കിലാണ്കുഞ്ഞമ്മ. സഹായങ്ങളും പ്രോത്സാഹനങ്ങളുമായി മക്കളും പേരക്കുട്ടികളും മരുമക്കളും ഏപ്പോഴും ഒപ്പമുണ്ട് .