കേരളകൗമുദി മുഖപ്രസംഗവും പരിഗണിച്ചു
കൊച്ചി : കേരളത്തിൽ വർദ്ധിച്ചുവരുന്ന ലഹരി മരുന്ന് ഉപയോഗവും തുടർന്നുള്ള കുറ്റകൃത്യങ്ങളും ചൂണ്ടിക്കാട്ടി കോട്ടയം മുൻ ജില്ലാ പൊലീസ് മേധാവി എൻ. രാമചന്ദ്രൻ എഴുതിയ കത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. 'സ്വൈരജീവിതം തകർക്കാൻ അനുവദിക്കരുത് 'എന്ന തലക്കെട്ടിൽ ഇന്നലെ കേരളകൗമുദി എഴുതിയ മുഖപ്രസംഗം ഉൾപ്പെടെ പരിഗണിച്ച ഡിവിഷൻ ബെഞ്ച് ഹർജിയിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളെയും ഡി.ജി.പി, എക്സൈസ് കമ്മിഷണർ, ഹെൽത്ത് സർവീസ് ഡയറക്ടർ, ഡ്രഗ്സ് കൺട്രോളർ, നർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഡയറക്ടർ ജനറൽ എന്നിവരെയും കക്ഷി ചേർക്കാൻ നിർദേശിച്ചു.
പൊതുതാത്പര്യ സ്വഭാവമുള്ള ഹർജിയെന്ന നിലയിൽ ഉചിതമായ ബെഞ്ചിന് വിടാൻ ഹൈക്കോടതി രജിസ്ട്രിക്ക് ഡിവിഷൻ ബെഞ്ച് നിർദേശം നൽകി. എൻ. രാമചന്ദ്രൻ ജസ്റ്റിസ് പി.ആർ. രാമചന്ദ്രമേനോന് എഴുതിയ കത്താണ് സ്വമേധയാ ഹർജിയായി പരിഗണിക്കാൻ തീരുമാനിച്ചത്. ഇക്കാര്യത്തിൽ വേഗത്തിൽ നടപടി അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേരളകൗമുദി മുഖപ്രസംഗവും പരിഗണിച്ചത്. മയക്കുമരുന്നിന്റെ ലഹരിയിൽ സംസ്ഥാനത്ത് അടുത്തിടെ അരങ്ങേറിയ കുറ്റകൃത്യങ്ങളെക്കുറിച്ച് കത്തിൽ പറയുന്നുണ്ട്. ലഹരി മരുന്നിന്റെ ഉപഭോഗം കണ്ടെത്താനുള്ള ഉപകരണങ്ങൾ കേരളത്തിലില്ല. ഗുജറാത്തിലെ വഡോദരയിൽ ഇതു കണ്ടെത്താൻ പരിശോധനാ കിറ്റ് പൊലീസിന് ലഭ്യമാക്കിയിട്ടുണ്ടെന്നും ഇത്തരം കിറ്റുകൾ കേരളത്തിൽ ലഭ്യമാക്കണമെന്നും കത്തിൽ പറയുന്നുണ്ട്.
ഇത്തരം കിറ്റുകൾ ലഭ്യമാക്കുന്നതിനു പുറമേ ലഹരി മരുന്നു വിപത്തിനെ നേരിടാനുള്ള കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഫണ്ടിന്റെ വിനിയോഗം, ഇതിനെ നേരിടാനുള്ള ഭാവി കർമ്മപരിപാടി തുടങ്ങിയവയൊക്കെ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും. ലഹരി മരുന്നു വിപത്തിനെ നേരിടാൻ നിലവിലെ സംവിധാനം ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ നവീകരിക്കേണ്ടി വന്നേക്കാമെന്നും കോടതി അഭിപ്രായപ്പെട്ടു.