road
നിർദ്ദിഷ്ട കക്കടാശേരി -ചേലച്ചുവട് സംസ്ഥാന പാതയുടെ ഭാഗമായ വെണ്മണിഭാഗം

മൂവാറ്റുപുഴ: നിർദിഷ്ട കക്കടാശേരി - ചേലച്ചുവട് സംസ്ഥാനപാത പദ്ധതിക്ക് പുതുജീവൻ നൽകിക്കൊണ്ട് ഒന്നാംഘട്ട സർവേ നടപടികൾക്ക് തുടക്കമായി. ഈ പാതയിലൂടെ ദിനംപ്രതി കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണം കണക്കാക്കുന്ന സർവേ കെ എസ് ടി പി നിർദേശ പ്രകാരം കൊല്ലം ആസ്ഥാനമായ ഒരു സ്ഥാപനമാണ് കരാർ അടിസ്ഥാനത്തിൽ നടത്തുന്നത്. സംസ്ഥാന ബഡ്ജറ്റിൽ കിഫ്ബിയിൽ ഉൾപ്പെടുത്തിയോ നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തിയോ ഈ റോഡ് നിർമ്മാണം പൂർത്തീകരിക്കാവുന്ന വിധമാണ് കെ.എസ്.ടി.പി ഡിസൈൻ റോഡായി വിഭാവനം ചെയ്യുന്നത്.

കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിലെ കക്കടാശേരിയിൽ തുടങ്ങി കോതമംഗലം ഇടുക്കി റോഡിലെ ചേലച്ചുവട് വരെയെത്തുന്ന 50 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതിയാണിത്. കൊച്ചിയിൽ നിന്നും മറ്റു റൂട്ടുകളെ അപേക്ഷിച്ചു ഇടുക്കിയിലെത്താൻ 15 കിലോമീറ്റർ ദൂരക്കുറവും നിരവധി ഗ്രാമങ്ങളുടെ ഗതാഗത വികസനവുമാണ് പദ്ധതിയുടെ മുഖ്യ ആകർഷണം. ആലപ്പുഴ - മധുര സംസ്ഥാന ഹൈവേ പദ്ധതിയിൽ ചേലച്ചുവടിനെയും മുരിക്കാശേരിയെയും ബന്ധിപ്പിച്ച പാലം കൂടി യാഥാർത്ഥ്യമായതോടെ എറണാകുളത്ത് നിന്ന് മൂവാറ്റുപുഴ വഴി ഈ പാതയിലൂടെ മേലേ ചിന്നാർ, ബഥേൽ, നെടുങ്കണ്ടം, കമ്പംമെട് വഴി മധുരയ്ക്ക് 40 കിലോമീറ്ററോളം ദൂരക്കുറവുണ്ടാകുന്ന ചരിത്രനേട്ടവും യാത്രക്കാർക്കുണ്ടാകും .

നിലവിൽ ഈ റോഡിന്റെ ഭാഗമായ വണ്ണപ്പുറം മുതൽ ചേലച്ചുവട് വരെ ആലപ്പുഴ മധുര സംസ്ഥാന ഹൈവേ പദ്ധതിയിൽ ഉൾപ്പെടുത്തിയതിനാൽ എറണാകുളം ജില്ലയിൽ ഉൾപ്പെട്ട കക്കടാശേരി മുതൽ ഞാറക്കാട് വരെയും ഇടുക്കി ജില്ലയിൽ ഒടിയപാറ മുതൽ വണ്ണപ്പുറം വരെയുള്ള ഭാഗത്തെ നിർമ്മാണമാണ് പ്രധാനമായി ഈ പദ്ധതി പരിഗണിക്കുന്നത്.

പാതയുടെ ഭാഗമായ ആയവന,പോത്താനിക്കാട്,പൈങ്ങോട്ടൂർ,വണ്ണപ്പുറം പഞ്ചായത്തുകളിലെ പ്രധാന കവലകളും വളവുകളും വികസിപ്പിച്ചും അടിസ്ഥാന സൗകര്യങ്ങൾ പൂർത്തീകരിച്ചും യാഥാർത്ഥ്യമാക്കാൻ ഒരുങ്ങുന്ന ഈ പദ്ധതിക്കായി സർക്കാരും എൽദോ എബ്രഹാം എംഎൽഎയും നടത്തുന്ന ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നതായി കക്കടാശേരി ചേലച്ചുവട് സംസ്ഥാന പാത ആക്ഷൻ കൗൺസിൽ കൺവീനർ എൽദോസ് പുത്തൻപുര പറഞ്ഞു.