കൊച്ചി : സ്കൂൾ അപ്ഗ്രേഡ് ചെയ്യുന്നതിന്റെ ഭാഗമായി പ്രൈമറി സ്കൂളുകളിൽ അഞ്ചാം ക്ളാസും യു.പി സ്കൂളുകളിൽ എട്ടാം ക്ളാസും അനുവദിക്കണമെന്നാവശ്യപ്പെടുന്ന ഒരു കൂട്ടം ഹർജികൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉയർന്ന ബെഞ്ചിന്റെ (ലാർജർ ബെഞ്ച് )പരിഗണനയ്ക്കു വിട്ടു. ഉചിതമായ ലാർജർ ബെഞ്ചിനു വിടുന്നതിനായി ഹർജികൾ ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക് സമർപ്പിക്കാനും ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു. അദ്ധ്യാപക രക്ഷാകർതൃ സമിതികളും സ്കൂൾ മാനേജർമാരും നൽകിയ ഹർജികളാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.
വിദ്യാഭ്യാസാവകാശ നിയമപ്രകാരം ഒന്നുമുതൽ എട്ടുവരെയുള്ള ക്ളാസുകൾ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ഭാഗമാണെന്നും എൽ.പി സ്കൂളുകൾക്ക് അഞ്ചാം ക്ളാസും യു.പി സ്കൂളുകൾക്ക് എട്ടാം ക്ളാസും അനുവദിക്കണമെന്നും ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു. ഇതു സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കുമെന്നതിന്റെ പേരിൽ സർക്കാരിന് തടയാൻ കഴിയില്ലെന്നും വ്യക്തമാക്കി. എന്നാൽ പ്രൈമറി സ്കൂളുകളും യു.പി സ്കൂളുകളും ഇത്തരത്തിൽ അപ്ഗ്രേഡ് ചെയ്യാനാവില്ലെന്ന് 2018 ജനുവരി 29 ന് മറ്റൊരു ഡിവിഷൻ ബെഞ്ച് വിധി പറഞ്ഞിരുന്നു. സ്കൂളുകൾ അപ്ഗ്രേഡ് ചെയ്യാനുള്ള ഹർജികൾ സിംഗിൾബെഞ്ച് തള്ളിയതിനെതിരെ ഒരുകൂട്ടം സ്കൂൾ മാനേജർമാർ നൽകിയ അപ്പീലിലായിരുന്നു ആ വിധി. രണ്ടു ഡിവിഷൻ ബെഞ്ചുകൾ ഒരേ വിഷയത്തിൽ വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ഹർജികൾ ലാർജർ ബെഞ്ചിനു വിടാൻ ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചത്. എന്നാൽ ചില സ്കൂളുകൾ ഇതിനകം ആരംഭിച്ച അഞ്ച്, എട്ട് ക്ളാസുകൾക്ക് ഇനിയും സർക്കാരിന്റെ അംഗീകാരം ലഭിച്ചിട്ടില്ല. അദ്ധ്യയനവർഷം കഴിയാറായ സാഹചര്യത്തിൽ ഇൗ ക്ളാസുകളിലെ കുട്ടികളെ മറ്റ് അംഗീകാരമുള്ള സ്കൂളുകളിൽ പരീക്ഷ എഴുതിക്കണമെന്ന് ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു. സ്കൂൾ അപ്ഗ്രഡേഷനിൽ അന്തിമതീരുമാനം വരുന്നതുവരെ ഇൗ സ്കൂളുകളിൽ അഞ്ച്, എട്ട് ക്ളാസുകളിലേക്ക് പ്രവേശനം നടത്തരുതെന്നും ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിട്ടുണ്ട്. ഒന്നുമുതൽ എട്ടുവരെ ക്ളാസുകൾ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ഭാഗമാണെന്ന് വിദ്യാഭ്യാസാവകാശ നിയമം വ്യക്തമാക്കുന്ന സാഹചര്യത്തിൽ കേരള വിദ്യാഭ്യാസ ചട്ടത്തിലെ പ്രൈമറി, യു.പി തരം തിരിവുകൾ അപ്രസക്തമാണെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.