dileep

കൊച്ചി :യുവനടിയെ ആക്രമിച്ച് അശ്ളീല ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ എറണാകുളം സി.ബി.ഐ കോടതിയിൽ വിചാരണ നടപടികൾ തുടങ്ങി. ഇതിന്റെ ഭാഗമായുള്ള പ്രാരംഭവാദം ഏപ്രിൽ അഞ്ചിന് നടക്കും. കേസിലെ മുഴുവൻ പ്രതികളും ഏപ്രിൽ അഞ്ചിന് ഹാജരാകാനും കോടതി നിർദേശിച്ചിട്ടുണ്ട്. പ്രാഥമിക വാദത്തിനു ശേഷം പ്രതികളിൽ കുറ്റം ചുമത്തും. തുടർന്ന് സാക്ഷി വിസ്താരം ആരംഭിക്കും.

നേരത്തെ പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ പരിഗണനയിലിരുന്ന കേസ് ഹൈക്കോടതിയുടെ നിർദേശാനുസരണമാണ് വനിതാ ജഡ്ജി അദ്ധ്യക്ഷയായ സി.ബി.ഐ കോടതിയിലേക്ക് (അഡി. സെഷൻസ് കോടതി) മാറ്റിയത്. ആക്രമണത്തിനിരയായ നടിയുടെ ഹർജിയിലാണ് ഹൈക്കോടതി ഇക്കാര്യം നിർദേശിച്ചത്. ജഡ്ജി ഹണി. എം. വർഗീസാണ് കേസ് പരിഗണിക്കുന്നത്. കേസിൽ എട്ടാം പ്രതി ദിലീപും ഒമ്പതാം പ്രതി ചാർലിയും ഇന്നലെ ഹാജരായില്ല. ഇരുവരും അവധി അപേക്ഷ നൽകിയിരുന്നു. ചലച്ചിത്ര നടൻ ദിലീപ് ഉൾപ്പെടെ 11 പ്രതികളാണ് കേസിൽ വിചാരണ നേരിടുന്നത്.