നെടുമ്പാശേരി: മൂഴിക്കുളം പുഴയിൽ കുളിക്കുന്നതിനിടെ എൻജിനീയറിംഗ് വിദ്യാർത്ഥി മുങ്ങി മരിച്ചു. കുറുമശേരി തൈപ്പറമ്പിൽ രാജന്റെയും പ്രിയയുടെയും മകൻ നിമൽരാജ് (21)ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നരയോടെ മൂഴിക്കുളം ക്ഷേത്രക്കടവിന് സമീപമായിരുന്നു അപകടം. പുഴയിൽ മൂന്നടി മാത്രമാണ് വെള്ളമുള്ളതെങ്കിലും മണൽ വാരിയ ചില ഭാഗങ്ങളിൽ ആഴത്തിലുള്ള കുഴികളുണ്ട്. ഈ കുഴിയിൽപ്പെട്ടുപോയതാണ് അപകടത്തിനിടയാക്കിയത്.
കോയമ്പത്തൂർ മഹീന്ദ്ര എൻജിനീയറിംഗ് കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിയായ നിമൽരാജ് ബുധനാഴ്ച്ച ഹോളി അവധിക്കെത്തിയതായിരുന്നു. മൃതദേഹം അങ്കമാലി ഗവ. ആശുപത്രി മോർച്ചറിയിൽ. ഇന്ന് രാവിലെ പോസ്റ്റ്മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. കാനഡയിലും ദുബായിയിലുമുള്ള ബന്ധുക്കൾ നാട്ടിൽ എത്തിയ ശേഷമായിരിക്കും സംസ്കാരം. നിഹരാജ് ഏകസഹോദരിയാണ്.