ന്യൂഡൽഹി : ഇഫ്‌കോ ടോക്കിയോ ജനറൽ ഇൻഷ്വറൻസും ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കും സഹകരിച്ച് പ്രവർത്തിക്കും. ഇസാഫ് ഇടപാടുകാരുടെ ആരോഗ്യത്തിനും സ്വത്തിനും സാമ്പത്തിക സുരക്ഷിതത്വവും അപകട സുരക്ഷയും ഉറപ്പാക്കുന്ന ഇൻഷ്വറൻസ് പദ്ധതിയുടെ ധാരണാപത്രത്തിൽ ഇരുസ്ഥാപനങ്ങളും ഒപ്പിട്ടു.
ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ ഇടപാടുകാർക്ക് സാമ്പത്തിക സേവനങ്ങൾ ഇൻഷ്വറൻസ് പരിരക്ഷയോടെ ലഭ്യമാകും. ലളിതവും മൂല്യവർദ്ധിതവുമായ പൊതു ഇൻഷ്വറൻസ് ഉൽപന്നങ്ങളും സേവനങ്ങളും ഉപഭോക്താക്കൾക്ക് ലഭിക്കും.
ഇസാഫ് സ്‌മോൾ ഫൈനാൻസ് ബാങ്കുമായി സഹകരിക്കുന്നതിൽ അങ്ങേയറ്റം സന്തോഷമുണ്ടെന്ന് ഇഫ്‌കോ ടോക്കിയോ ജനറൽ ഇൻഷ്വറൻസ് എം.ഡിയും സി.ഇ.ഒയുമായ വരേന്ദ്ര സിൻഹ ധാരണപത്രം ഒപ്പിടൽ ചടങ്ങിൽ പറഞ്ഞു.
സാങ്കേതിക വിദ്യയും മാനുഷികതയും കൂടിച്ചേർന്ന സാമ്പത്തിക സേവനങ്ങളാണ് ഇസാഫിന്റെതെന്ന് ഇഫ്‌കോ ടോക്കിയോ ജനറൽ ഇൻഷ്വറൻസ് ഫുൾടൈം ഡയറക്ടർ അനാമിക റോയ് രാഷ്ട്രവാർ പറഞ്ഞു.
രണ്ട് വർഷത്തിനുള്ളിൽ ബാങ്കിനുണ്ടായ വളർച്ച പഠനാർഹമായ ഒന്നാണ്. ഡിജിറ്റൽ സംയോജനം ബാങ്കിന്റെ ഉപഭോക്താക്കൾക്ക് അനന്തമായ സേവനങ്ങൾ ഉറപ്പുവരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അനാമിക റോയ് പറഞ്ഞു.
പാർശ്വവത്കരിക്കപ്പെട്ട സമൂഹത്തെ ഔപചാരിക സാമ്പത്തിക സേവനങ്ങളിലേക്ക് കൊണ്ടുവരികയാണ് ലക്ഷ്യമെന്ന് ഇസാഫ് സ്‌മോൾ ഫൈനാൻസ് ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ കെ. പോൾ തോമസ് പറഞ്ഞു. ഇഫ്‌കോ മാനേജിംഗ് ഡയറക്ടർ ഡോ. യു. എസ്. അവസ്തിയും ചടങ്ങിൽ പങ്കെടുത്തു.