കൊച്ചി : കാരക്കോണം ഡോ. സോമർവെൽ മെമ്മോറിയൽ മെഡിക്കൽ കോളേജിലെ സമുദായ സംവരണ ക്വോട്ടയിലെ 11 പേരുടെ പ്രവേശനം റദ്ദാക്കിയ പ്രവേശന മേൽനോട്ട സമിതിയുടെയും സംസ്ഥാന സർക്കാരിന്റെയും ഉത്തരവുകൾ ഹൈക്കോടതി റദ്ദാക്കി. പ്രവേശനം ക്രമപ്രകാരമാണെന്നും പഠനം തുടരാമെന്നും ഡിവിഷൻബെഞ്ചിന്റെ വിധിയിൽ പറയുന്നു.
2018 ൽ സംവരണ സീറ്റിൽ പ്രവേശനം നേടിയ 11 വിദ്യാർത്ഥികൾ ഹാജരാക്കിയ സമുദായ സർട്ടിഫിക്കറ്റിന് സാധുതയില്ലെന്ന് വിലയിരുത്തിയാണ് പ്രവേശന മേൽനോട്ടസമിതി പ്രവേശനം റദ്ദാക്കിയത്. സർക്കാരും ഇതു ശരിവച്ചു. തുടർന്ന് പ്രവേശനം റദ്ദാക്കിയതിനെതിരെ അനറ്റ് റെഗി, ജോഷ്വാ സാം കോശി തുടങ്ങിയ 11 വിദ്യാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചു. പ്രവേശന മേൽനോട്ട സമിതിയുടെ അന്വേഷണം ശരിയായിരുന്നില്ലെന്നും പ്രവേശനം ലഭിച്ച കുട്ടികളെ വിളിച്ചു വരുത്തിയപ്പോൾ അഭിഭാഷകരെയോ മുതിർന്നവരെയോ ഒപ്പം കൂട്ടാൻ അനുവദിച്ചില്ലെന്നും ഹൈക്കോടതി വിലയിരുത്തി. ക്രോസ് വിസ്താരത്തിന് അവസരം നൽകേണ്ടിയിരുന്നു. ഇൗ കുട്ടികളുടെ വാദം സർക്കാരും കേട്ടില്ല. വീണ്ടും പരിഗണിക്കാൻ നിർദ്ദേശിച്ചു വിഷയം പ്രവേശന മേൽനോട്ട സമിതിക്ക് തിരിച്ച് അയയ്ക്കുകയാണ് വേണ്ടതെങ്കിലും കാലതാമസം ഒഴിവാക്കാൻ ഹൈക്കോടതി നേരിട്ട് പരിഗണിക്കുകയാണെന്നും ഡിവിഷൻബെഞ്ച് വ്യക്തമാക്കി.
സി.എം.എസ് ആംഗ്ളിക്കൻ സഭ സി.എസ്.ഐയുടെ ഭാഗമല്ല, സ്വതന്ത്ര സഭയാണെന്നാണ് പ്രവേശന മേൽനോട്ട സമിതിയുടെ കണ്ടെത്തൽ. ഇതല്ല, ബിഷപ്പ് നൽകിയ സാക്ഷ്യപത്രം സാധുവാണോയെന്നായിരുന്നു പരിശോധിക്കേണ്ടിയിരുന്നത്. ഹർജിക്കാരിൽ ഒമ്പതുപേർ സി.എം.എസ് ആംഗ്ളിക്കൻ സഭക്കാരല്ലെന്നും മിക്കവരും 2017 നുശേഷം സഭയിൽ ചേർന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് സർട്ടിഫിക്കറ്റ് സാധുവല്ലെന്ന് സമിതി വിലയിരുത്തിയത്. ഏതു പൗരനും ഇഷ്ടമുള്ള സഭ തിരഞ്ഞെടുക്കാമെന്നിരിക്കെ ഇത്തരം നിരീക്ഷണങ്ങൾ അപ്രസക്തമാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. തുടർന്നാണ് പ്രവേശനം ശരിവച്ചത്.